രേണുക വേണു|
Last Modified ചൊവ്വ, 30 ഡിസംബര്‍ 2025 (17:50 IST)
തെലുങ്ക് സൂപ്പർതാരം പ്രഭാസ് നായകനായെത്തുന്ന രാജാ സാബ് റിലീസിനൊരുങ്ങുകയാണ്. റിദ്ധി കുമാർ, മാളവിക മോഹൻ, നിധി അഗർവാൾ എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. വൻ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൻ്റെ പ്രീ റിലീസ് ഇവൻ്റ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇവൻ്റിനിടെ നടി
റിദ്ധി കുമാർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
വേദിയിൽ സിനിമയുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ താൻ ധരിച്ചിരിക്കുന്നത് മൂന്ന് വർഷങ്ങൾക്ക് മുൻപ് പ്രഭാസ് സമ്മാനിച്ച സാരിയാണെന്നായിരുന്നു റിദ്ധി പറഞ്ഞത്. ഈ ദിവസം ധരിക്കാൻ താൻ സാരി കാത്തുവെച്ചിരിക്കുകയായിരുന്നുവെന്നും ജീവിതത്തിൽ പ്രഭാസിനെ കിട്ടിയതിൽ താൻ കടപ്പെട്ടിരിക്കുന്നുവെന്നും റിദ്ധി കൂട്ടിച്ചേർത്തു. നേരത്തെ പ്രഭാസും റിദ്ധിയും ഡേറ്റിങ്ങിലാണെന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. നടിയുടെ പരാമർശത്തോടെ ഡേറ്റിങ് ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും വ്യാപകമായിരിക്കുയാണ്.
2022-ൽ പുറത്തിറങ്ങിയ രാധേ ശ്യാം എന്ന ചിത്രത്തിലാണ് പ്രഭാസും റിദ്ധിയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. അതേസമയം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാ സാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്. ഹൊറർ ത്രില്ലർ ജോണറിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.