നിഹാരിക കെ.എസ്|
Last Modified ഞായര്‍, 13 ഏപ്രില്‍ 2025 (14:22 IST)
മലയാളികളുടെ പ്രിയ നടിയാണ് നടി
രജിഷ വിജയൻ. അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ മലയാളി മനസ്സിൽ ഇടംപിടിച്ച രജിഷ നിരവധി സിനിമകളിൽ നായികയായിട്ടുണ്ട്. വളരെ ചുരുക്കം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ്. നടി രജിഷ വിജയന്റെ അതിശയിപ്പിക്കുന്ന രൂപമാറ്റമാണ് ഏവരുടെയും ശ്രദ്ധ നേടിയത്.
രജിഷയുടെ ട്രെയിനറും ആലപ്പുഴ ജിംഖാന സിനിമയ്ക്കു വേണ്ടി താരങ്ങളെ ട്രെയിൻ ചെയ്യിച്ച കോച്ചുമായ അലി ഷിഫാസ് ആണ് ഈ ട്രാൻസ്‌ഫർമേഷൻ പോസ്റ്റ് പങ്കുവച്ചത്. ആറുമാസംകൊണ്ട് 15 കിലോയാണ്
രജിഷ വിജയൻ കുറച്ചതെന്ന് പരിശീലകനായ അലി ഷിഫാസ് പറയുന്നു. രജിഷയുടെ അർപ്പണബോധത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായും അലി വ്യക്തമാക്കി.
സംവിധായകൻ ഖാലിദ് റഹ്മാന്റെ നിർദേശപ്രകാരം കഴിഞ്ഞവർഷമാണ് രജിഷ അലി ഷിഫാസിനെ സമീപിച്ചത്. തന്റെയടുക്കലെത്തുമ്പോൾ രജിഷയ്ക്ക് കാലിൻ്റെ ലിഗമെന്റിൽ രണ്ട് പരിക്കുകളുണ്ടായിരുന്നുവെന്നും അലി ഷിഫാസ് പറയുന്നു. വരാനിരിക്കുന്ന സിനിമയ്ക്കുവേണ്ടിയുള്ള രൂപമാറ്റമായിരുന്നു ഇത്. 6 മാസത്തിനുള്ളിൽ, രജിഷ കുറച്ചത് 15 കിലോയാണ്. വർക്ക്ഔട്ട് പരിശീലനത്തിനിടെ നിരവധി പരിക്കുകൾ പറ്റിയെങ്കിലും രജിഷ ഒരിക്കലും പിന്നോട്ട് മാറിയില്ല.
അതേസമയം, അലി ഷിഫാസിൻ്റെ പോസ്റ്റിന് മറുപടിയായി രജിഷ വിജയനും രംഗത്തെത്തി. നിങ്ങളില്ലായിരുന്നെങ്കിൽ ഇതൊരിക്കലും സാധ്യമാവില്ലെന്നാണ് രജിഷ പറഞ്ഞത്. ജോർജ്ജേട്ടൻസ് പൂരം, ഒരു സിനിമാക്കാരൻ, ജൂൺ, ഫൈനൽസ്, സ്റ്റാൻഡ് അപ്പ്, കൊള്ള, മധുര മനോഹര മോഹം തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങൾ. ധനുഷ് നായകനായ കർണ്ണൻ ആയിരുന്നു ആദ്യ തമിഴ് സിനിമ. കർണ്ണനിലെ രജിഷയുടെ അഭിനയം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനു ശേഷം സൂര്യയോടൊപ്പം ജയ്ഭീമിലും അഭിനയിച്ചു.