രേണുക വേണു|
Last Modified വെള്ളി, 29 നവംബര്‍ 2024 (13:30 IST)
മഹേഷ് നാരായണന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ നെഗറ്റീവ് വേഷത്തില്‍. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റേത് ഒരു ഗ്യാങ്‌സ്റ്റര്‍ കഥാപാത്രമാണെന്നാണ് വിവരം. റിവഞ്ച് ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്ന സിനിമയില്‍ മമ്മൂട്ടി എത്തുന്നത് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസറായാണ്. ഫഹദ് ഫാസിലിന്റേതും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണെന്നാണ് വിവരം.
ശ്രീലങ്കയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ സിനിമയുടെ ശേഷിക്കുന്ന ചിത്രീകരണം ഉടന്‍ ആരംഭിക്കും. ജനുവരിയിലാകും മോഹന്‍ലാല്‍ ഇനി ജോയിന്‍ ചെയ്യുക. വിദേശത്തും കേരളത്തിലുമായാണ് ഡിസംബറിലെ ചിത്രീകരണം നടക്കുക.
നവംബര്‍ 17 നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഒന്നിച്ചുള്ള സീനുകള്‍ ശ്രീലങ്കയില്‍ ചിത്രീകരിച്ചിരുന്നു. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. 'ആന്റോ ജോസഫ് ഫിലിം കമ്പനി അവതരിപ്പിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍-മഹേഷ് നാരായണന്‍ ചിത്രം' എന്നാണ് സിനിമയുടെ ക്ലാപ്പ് ബോര്‍ഡില്‍ നല്‍കിയിരിക്കുന്നത്. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. സംഗീതം: സുഷിന്‍ ശ്യാം ആണ്.