രേണുക വേണു|
Last Modified വെള്ളി, 12 ഡിസംബര്‍ 2025 (15:00 IST)
സൂപ്പര്‍ഹിറ്റ് കോമഡി റോഡ് മൂവി 'ഫാലിമി'ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രം ഉടന്‍ ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായ പരീക്ഷണമായിരിക്കും പുതിയ ചിത്രമെന്ന് നിതീഷ് വെളിപ്പെടുത്തി.
ഡാര്‍ക്ക് ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ആക്ഷന്‍ മാസ് എന്റര്‍ടെയ്നര്‍ ആയിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. പുരുഷ കേന്ദ്രീകൃത കഥയായിരിക്കുമെങ്കിലും, കഥാഗതിയെ മുന്നോട്ട് നയിക്കുന്നത് ഒന്‍പത് വയസ്സുകാരിയായ പെണ്‍കുട്ടിയുടെ കഥാപാത്രമായിരിക്കും. ചിത്രത്തില്‍ നായിക കഥാപാത്രമില്ല. കേരള-തമിഴ്‌നാട് ബോര്‍ഡര്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയില്‍ മമ്മൂട്ടി ഒരു ഗ്യാങ്സ്റ്റര്‍ ആയിട്ടാണ് എത്തുന്നത്. രാജമാണിക്യം പോലെ വളരെ വ്യത്യസ്തവും ഹ്യൂമര്‍ ഉള്ള തരത്തിലുമായിരിക്കും മമ്മൂട്ടി കഥാപാത്രത്തിന്റെ സംസാരശൈലി.
സിനിമയ്ക്കായി ഒരു 'ഫിക്ഷണല്‍ ലോകം' (സങ്കല്‍പ്പ ലോകം) സൃഷ്ടിച്ചായിരിക്കും ചിത്രീകരണം. ആക്ഷനും വലിയ പ്രാധാന്യമുണ്ടായിരിക്കും.
നിതീഷിനൊപ്പം അനുരാജ് ഒ.ബി കൂടി ചേര്‍ന്നാണ് മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ. അഗ്നിവേശ് രഞ്ജിത്താണ് പ്രൊജക്ട് ഡിസൈനര്‍. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയായിരിക്കും ഈ ചിത്രം നിര്‍മിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മമ്മൂട്ടി കമ്പനി നിര്‍മാണം ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'പാട്രിയോട്ട്' പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മമ്മൂട്ടി നിതീഷ് സഹദേവ് ചിത്രം ആരംഭിക്കുക.