തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായിട്ടും ഈ സിനിമകള്‍ക്കൊന്നും മമ്മൂട്ടി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല !

രേണുക വേണു| Last Modified ബുധന്‍, 12 ജനുവരി 2022 (11:24 IST)

മലയാള സിനിമയില്‍ പ്രതിഫലം വാങ്ങാതെ ഏറ്റവും കൂടുതല്‍ അഭിനയിച്ച താരമായിരിക്കും മമ്മൂട്ടി. ഒരു സിനിമയില്‍ അഭിനയിക്കാന്‍ വമ്പന്‍ പ്രതിഫലം വാങ്ങുന്ന സമയത്തും ചില സിനിമകള്‍ വ്യക്തിപരമായ ഇഷ്ടത്തിന്റേയും സൗഹൃദങ്ങളുടേയും പേരില്‍ മമ്മൂട്ടി ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ചെയ്തിട്ടുണ്ട്. തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായ കഥ പറയുമ്പോള്‍ ആണ് അതിലൊന്ന്. സിനിമ തിയറ്ററുകളില്‍ നിന്ന് പണം വാരിയിട്ടും മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിച്ചതിനു ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല. സൗഹൃദത്തിന്റെ കഥ പറഞ്ഞ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച സൂപ്പര്‍സ്റ്റാര്‍ അശോക് കുമാര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുകേഷും ശ്രീനിവാസനും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. സിനിമ വലിയ രീതിയില്‍ ഹിറ്റായ ശേഷമാണ് മമ്മൂട്ടിക്ക് പ്രതിഫലം നല്‍കാന്‍ മുകേഷും ശ്രീനിവാസനും മമ്മൂട്ടിയുടെ വീട്ടില്‍ എത്തിയത്. എന്നാല്‍, ഇവര്‍ നല്‍കിയ ചെക്ക് മമ്മൂട്ടി വാങ്ങിയില്ല. ഭാര്യ സുല്‍ഫത്ത് ഈ സിനിമയില്‍ അഭിനയിച്ചതിനു പ്രതിഫലം വാങ്ങരുതെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മമ്മൂട്ടി മുകേഷിനേയും ശ്രീനിവാസനേയും അറിയിച്ചു. എത്ര നിര്‍ബന്ധിച്ചിട്ടും മമ്മൂട്ടി ആ ചെക്ക് വാങ്ങിയില്ലെന്ന് മുകേഷും ശ്രീനിവാസനും വെളിപ്പെടുത്തിയിട്ടുണ്ട്.

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മമ്മൂട്ടി അഭിനയിച്ച മറ്റൊരു മികച്ച സിനിമയാണ് കയ്യൊപ്പ്. രഞ്ജിത്ത് സംവിധാനം ചെയ്ത ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ചെറിയ ബജറ്റിലാണ് സിനിമ ചെയ്തത്. കയ്യൊപ്പിന്റെ കഥ കേട്ട മമ്മൂട്ടി താന്‍ ഈ സിനിമ ചെയ്യാമെന്നും എത്ര ദിവസം ഡേറ്റ് വേണമെന്നും രഞ്ജിത്തിനോട് ചോദിക്കുകയായിരുന്നു. നിങ്ങള്‍ക്ക് തരാന്‍ പൈസയില്ലെന്നും വേറെ ആരെ കൊണ്ടെങ്കിലും ഈ സിനിമ ഞാന്‍ ചെയ്തോളാം എന്നുമാണ് രഞ്ജിത്ത് മമ്മൂട്ടിയോട് പറഞ്ഞത്. എന്നാല്‍, പൈസയല്ലല്ലോ എത്ര ദിവസത്തെ ഡേറ്റ് വേണം എന്ന് മാത്രമല്ലേ ഞാന്‍ ചോദിച്ചത് എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഒടുവില്‍ മമ്മൂട്ടി പ്രതിഫലം വാങ്ങാതെ കയ്യൊപ്പിലും അഭിനയിച്ചു. പേരന്‍പ്, കേരള കഫേ, വണ്‍വേ ടിക്കറ്റ്, പ്രേം പൂജാരി തുടങ്ങി നിരവധി സിനിമകളിലും മമ്മൂട്ടി പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :