Bha Bha Ba Song: 'ഇതിപ്പോ ഹൈപ്പ് കുറയ്ക്കുകയാണല്ലോ'; ട്രോളുകളില്‍ നിറഞ്ഞ് ദിലീപ്-മോഹന്‍ലാല്‍ ചിത്രത്തിലെ പാട്ട്
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായ ശേഷം ദിലീപിന്റേതായി തിയറ്ററുകളിലെത്തുന്ന ആദ്യ സിനിമ കൂടിയാണ് 'ഭ.ഭ.ബ'
രേണുക വേണു|
Last Modified ചൊവ്വ, 16 ഡിസംബര്‍ 2025 (11:42 IST)
Bha Bha Ba Song: ദിലീപും മോഹന്‍ലാലും ഒന്നിക്കുന്ന 'ഭ.ഭ.ബ'യിലെ ലിറിക് വീഡിയോ പാട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. ഇന്നലെ റിലീസ് ചെയ്ത ഈ പാട്ടിനെ ട്രോളന്‍മാര്‍ വെറുതെ വിടുന്നില്ല. ഡിസംബര്‍ 18 നു തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഹൈപ്പ് ഉയര്‍ത്താന്‍ റിലീസ് ചെയ്ത സോങ് ആണെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ ഈ പാട്ട് കോമഡിയായിരിക്കുകയാണ്.
'ചിലര്‍ മകനാ
ചിലര്‍ക്ക് നന്‍പനാ
ഇടഞ്ഞ കൊമ്പനാ
നമുക്ക് അണ്ണനാ,' എന്നു തുടങ്ങുന്ന 'അഴിഞ്ഞാട്ടം' സോങ്ങില്‍ ദിലീപിനെയും മോഹന്‍ലാലിനെയും ഒന്നിച്ചുകാണാം. എന്നാല്‍ ഈ രണ്ട് താരങ്ങള്‍ എത്തിയിട്ടും പാട്ടിനു ക്വാളിറ്റിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. സംഗീതം ഷാന്‍ റഹ്‌മാന്‍. ഏറെ ഹിറ്റ് പാട്ടുകള്‍ സമ്മാനിച്ച രണ്ട് പേരില്‍ നിന്ന് ഇങ്ങനെയൊരു മോശം പാട്ട് എങ്ങനെ സംഭവിച്ചു എന്ന് പ്രേക്ഷകര്‍ ചോദിക്കുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായ ശേഷം ദിലീപിന്റേതായി തിയറ്ററുകളിലെത്തുന്ന ആദ്യ സിനിമ കൂടിയാണ് 'ഭ.ഭ.ബ'. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ 'അഴിഞ്ഞാട്ടം' സോങ് റിലീസ് ചെയ്തതിനു പിന്നാലെ ആരാധകര്‍ക്കു ഈ സിനിമയില്‍ വലിയ പ്രതീക്ഷയില്ലാതെ ആയിട്ടുണ്ട്. സിനിമയുടെ ഹൈപ്പ് കുറയ്ക്കാനാണോ ഇങ്ങനെയൊരു മോശം പാട്ട് പുറത്തിറക്കിയതെന്ന് പോലും ആരാധകര്‍ ചോദിക്കുന്നു.
എം.ജി.ശ്രീകുമാര്‍, വിനീത് ശ്രീനിവാസന്‍, നിരഞ്ജ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദിലീപിന്റെ തിരിച്ചുവരവ് എന്ന നിലയില്‍ വലിയ ആഘോഷപ്രകടനങ്ങളാണ് ആരാധകര്‍ റിലീസ് ദിനത്തില്‍ ഒരുക്കിയിരിക്കുന്നത്. മറുവശത്ത് പീഡനകേസ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന ദിലീപിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.