ചാക്കോച്ചനെ കളത്തിലിറക്കി മമ്മൂട്ടിയുടെയും ലാലിന്‍റെയും വടം‌വലി!

WEBDUNIA|
PRO
കുഞ്ചാക്കോ ബോബന്‍റെ കഷ്ടകാലം കഴിഞ്ഞു. രണ്ടാം വരവ് ഒരു വരവു തന്നെയായിരുന്നു. തൊട്ടതെല്ലാം പൊന്ന്. തുടര്‍ച്ചയായി ഹിറ്റുകള്‍. ചാക്കോച്ചനെ എഴുതിത്തള്ളിയവരെല്ലാം ആ വിജയങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടു.

എല്‍‌സമ്മ എന്ന ആണ്‍കുട്ടി, മമ്മി ആന്‍റ് മീ, സീനിയേഴ്സ്, ട്രാഫിക്, മേക്കപ്പ്‌മാന്‍, സകുടുംബം ശ്യാമള, ഗുലുമാല്‍, ത്രീ കിംഗ്സ്, റേസ് തുടങ്ങി അഭിനയിച്ച സിനിമകള്‍ മിക്കതും ഹിറ്റുകളായി. കൃത്യമായ പ്ലാനിംഗോടെയുള്ള നീക്കമാണ് ചാക്കോച്ചനെ വിജയനായകനാക്കിയത്.

ഈ ഓണം ചാക്കോച്ചന്‍ അടിച്ചുപൊളിച്ച് ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ ഒരു സിനിമയെങ്കിലും തിയേറ്ററിലെത്തിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ചാക്കോച്ചന്‍റെ രണ്ടു സിനിമകളാണ് ഓണത്തിന് പ്രദര്‍ശനത്തിനെത്താന്‍ പോകുന്നത്.

ഓഗസ്റ്റ് 27ന് ചാക്കോച്ചന്‍ നായകനായ ‘ഡോക്ടര്‍ ലവ്’ പ്രദര്‍ശനത്തിനെത്തും. കോളജ് കാമ്പസില്‍ പ്രണയപ്പനി പിടിച്ചുനടക്കുന്നവര്‍ക്ക് ചികിത്സ നടത്തുന്ന പ്രണയഡോക്ടറായാണ് ചാക്കോച്ചന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. കെ ബിജു സംവിധാനം ചെയ്യുന്ന ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത് സാക്ഷാല്‍ മോഹന്‍ലാല്‍. മാക്സ്‌ലാബ് ഒരിടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന സിനിമയാണിത്.

മോഹന്‍ലാലിന് ചാക്കോച്ചനെ ഓണത്തിന് കളത്തിലിറക്കാമെങ്കില്‍ മമ്മൂട്ടിയും ഒരുകൈ നോക്കാന്‍ തന്നെയാണ് തീരുമാനം. ഓഗസ്റ്റ് 31 ചാക്കോച്ചന്‍ നായകനാകുന്ന ‘സെവന്‍‌സ്’ റിലീസ് ചെയ്യും. ജോഷി സംവിധാനം ചെയ്യുന്ന ചിത്രം റിലീസ് ചെയ്യുന്നത് മമ്മൂട്ടിയുടെ പ്ലേ ഹൌസ്.

അങ്ങനെ രണ്ട് കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളിലൂടെ മമ്മൂട്ടിയും മോഹന്‍ലാലും ഏറ്റുമുട്ടുന്നതിന് ഈ ഓണക്കാലം സാക്‍ഷ്യം വഹിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :