ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ നാലു ഭാഷകളില്‍, ആദ്യം തമിഴ് ചിത്രം!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
മലയാളത്തില്‍ ഹിറ്റായി മാറിയ ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ നാല് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ഇതില്‍ തമിഴ് റീമേക്ക് സജി സുരേന്ദ്രന്‍ തന്നെ സംവിധാനം ചെയ്യും.

സജി സുരേന്ദ്രനെയും കൃഷ്ണ പൂജപ്പുരയെയും ഇക്കാര്യം യു ടി വി മോഷന്‍ പിക്ചേഴ്സിന്‍റെ ദക്ഷിണമേഖലാ മേധാവി ധനഞ്ജയന്‍ ഔദ്യോഗികമായി അറിയിച്ചു. നാലുഭാഷകളിലും നിര്‍മ്മാണം യു ടി വി തന്നെയായിരിക്കും.

തമിഴകത്തെ സൂപ്പര്‍ താരങ്ങളാവും ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ തമിഴ് പതിപ്പില്‍ ഉണ്ടാവുക. ഈ വര്‍ഷം തന്നെ സജി സുരേന്ദ്രന്‍ ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചേക്കുമെന്ന് സൂചനയുണ്ട്.

സമീപകാലത്ത് ഏറ്റവും നല്ല ബോക്സോഫീസ് പ്രകടനം നടത്തിയ സിനിമയാണ് ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ. 12 ദിവസം കൊണ്ട് 3.67 കോടി രൂപയാണ് ചിത്രം ഗ്രോസ് കളക്ഷന്‍ നേടിയത്. എന്തായാലും ഫോര്‍ ഫ്രണ്ട്സ്, കുഞ്ഞളിയന്‍ തുടങ്ങിയ സിനിമകളുടെ പരാജയങ്ങളില്‍ നിന്ന് സജി സുരേന്ദ്രനും തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയും ഉയര്‍ന്നുവന്നിരിക്കുന്നു.

കിലുക്കം പോലെ ഒരു സിനിമയാണ് ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ എന്നാണ് കൃഷ്ണ പൂജപ്പുര വ്യക്തമാക്കുന്നത്. “കം‌പ്ലീറ്റ് ഫണ്‍ സിനിമയെന്ന ആശയം. കിലുക്കം, ബോയിംഗ് ബോയിംഗ്, ഓടരുതമ്മാവാ ആളറിയാം എന്നിവയൊക്കെ ആ ഗണത്തിലാണ് ഇടം‌പിടിക്കുന്നത്. ആ കാറ്റഗറിയിലാണ് ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ. മലയാളത്തില്‍ മാത്രമല്ല പല ഭാഷകളിലും ഇത്തരം ചിത്രങ്ങളുണ്ടായിട്ടുണ്ട്. അവയെല്ലാം ഹിറ്റുകളുമാണ്” - കൃഷ്ണ പൂജപ്പുര പറയുന്നു.

“വെറും ഒരാഴ്ച കൊണ്ടാണ് തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയത്. ആദ്യ പകുതിയുടെ സീന്‍ ഓര്‍ഡര്‍ എഴുതാന്‍ രണ്ട് ദിവസമേ എടുത്തുള്ളൂ” - കൃഷ്ണ പൂജപ്പുര വ്യക്തമാക്കി.

“ഒരു ദുബായ് യാത്രയ്ക്കായി തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ ഞാനും കൃഷ്ണ പൂജപ്പുരയും ലോഞ്ചില്‍ വിശ്രമിക്കുമ്പോള്‍ ഞാനാണ് ഈ കഥയുടെ ത്രെഡ് അദ്ദേഹത്തോട് പറഞ്ഞത്. സ്വന്തം വീട്ടില്‍ കള്ളം പറഞ്ഞ് വിദേശത്തേക്ക് യാത്ര തിരിക്കുന്ന രണ്ട് ഭര്‍ത്താക്കന്‍‌മാരായി നമ്മള്‍ സ്വയം സങ്കല്‍പ്പിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് ഞാന്‍ ചോദിച്ചു. അത് ആലോചിക്കാവുന്ന സംഗതിയാണെന്നും അതിലൊരു കഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതാണ് ഹസ്ബന്‍ഡ്സ് ഇന്‍ ഗോവയുടെ ആരംഭം. വെറും ഏഴ് ദിവസം കൊണ്ടാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. അത്ര വേഗത്തിലായിരുന്നു കാര്യങ്ങള്‍” - സജി സുരേന്ദ്രന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :