സുരേഷ്ഗോപിയുടെ തമിഴ് ചിത്രം ‘രുദ്രവതി’

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
മലയാള സിനിമയ്ക്ക് അവധി നല്‍കിയിരിക്കുകയാണ് സുരേഷ്ഗോപി. തല്‍ക്കാലം ഒരു സിനിമയിലും അഭിനയിക്കുന്നില്ല. കാരണം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ തമിഴ് സിനിമയ്ക്ക് സുരേഷ്ഗോപിയെ ലഭ്യമാകുകയും ചെയ്യും. ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകനായ ഷങ്കര്‍ ഒരുക്കുന്ന ‘ഐ’ എന്ന ചിത്രത്തില്‍ സുപ്രധാനവേഷമാണ് സുരേഷ്ഗോപി കൈകാര്യം ചെയ്യുന്നത്. വിക്രം നായകനാകുന്ന ഈ റൊമാന്‍റിക് ത്രില്ലറില്‍ ഒരു ഡോക്ടറായാണ് സുരേഷ്ഗോപി വേഷമിടുന്നതെന്ന് അറിവായിട്ടുണ്ട്.

അതേസമയം, മറ്റൊരു സുരേഷ്ഗോപിച്ചിത്രം കൂടി ഉടന്‍ തമിഴില്‍ റിലീസ് ചെയ്യും. ‘രുദ്രവതി’ എന്നാണ് പടത്തിന് പേര്. സുരേഷ്ഗോപി കുറ്റാന്വേഷകന്‍റെ റോളിലാണ്. നായിക കാതല്‍ സന്ധ്യ. ഇങ്ങനെയൊരു സിനിമ സുരേഷ്ഗോപി തമിഴില്‍ ചെയ്യുന്നതിന്‍റെ വിവരങ്ങളൊന്നും മുമ്പ് കേട്ടില്ലല്ലോ എന്നോര്‍ത്ത് കണ്‍ഫ്യൂഷനിലാവേണ്ട. ‘സഹസ്രം’ എന്ന മലയാള ചിത്രത്തിന്‍റെ തമിഴ് ഡബ്ബിംഗാണ് രുദ്രവതി.

ഡോ. എസ് ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത സഹസ്രം 2010ലാണ് പുറത്തുവന്നത്. ഈ ഹൊറര്‍ ത്രില്ലര്‍ ശരാശരി വിജയം നേടിയിരുന്നു. സുപ്രിയ, ശ്രീദേവി എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ക്ലൈമാക്സില്‍ സന്ധ്യയുടെ നാഗവല്ലി മോഡല്‍ നൃത്തമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. സന്ധ്യയുടെ ഈ നൃത്തരംഗങ്ങള്‍ പരസ്യങ്ങളിലെല്ലാം ഉപയോഗിച്ച് ‘അരുന്ധതി’ രീതിയില്‍ രുദ്രവതി റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ പരിപാടി.

എന്തായാലും രുദ്രവതി, ഐ എന്നീ സിനിമകളോടെ സുരേഷ്ഗോപി പൂര്‍ണമായും തമിഴകത്തിന്‍റേതായി മാറുമോ? കാത്തിരുന്ന് കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :