പ്രഭുദേവയുമായുള്ള ചങ്ങാത്തവും വേര്‍പിരിയലും കാരണം വര്‍ഷങ്ങളാണ് നയന്‍താരയുടെ കരിയറില്‍ നഷ്ടപ്പെട്ടത്. വലിയ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുമ്പോള്‍ നയന്‍സിന് കൈനിറയെ വമ്പന്‍ പ്രൊജക്ടുകളാണ്. വിഷ്ണുവര്ദ്ധന് സംവിധാനം ചെയ്യുന്ന അജിത് ചിത്രം ‘വലൈ’ ആണ് അതില്‍ പ്രധാനം. ഇനിയൊന്ന് ഉദയാനിധി സ്റ്റാലിന് നായകനാകുന്ന ‘ഇത് കതിര്‍വേലന്‍ കാതല്‍’.
ഉദയാനിധിയുടെ നായികയാകാന്‍ നയന്‍താര ഇപ്പോള്‍ കോയമ്പത്തൂരിലാണ്. ശാലീനയായ ഒരു തമിഴ് പെണ്‍കുട്ടിയായാണ് നയന്‍സ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. യാരടി നീ മോഹിനി, ബോസ് എങ്കിറ ഭാസ്കരന് തുടങ്ങിയ സിനിമകളില്‍ കണ്ട, ലാളിത്യമുള്ള നായികയായി നയന്‍സ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുമ്പിലെത്തും.
സുന്ദരപാണ്ഡ്യന്‍ എന്ന ഹിറ്റ് ചിത്രം ഒരുക്കിയ എസ് ആര് പ്രഭാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്താനം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ‘ഒരു കല് ഒരു കണ്ണാടി’ക്ക് ശേഷം ഉദയാനിധി - സന്താനം ടീം ഒത്തുചേരുന്നു എന്നതാണ് സിനിമയുടെ ഹൈലൈറ്റ്.
റെഡ് ജയന്റ് ഫിലിംസ് നിര്‍മ്മിക്കുന്ന ‘ഇത് കതിര്‍വേലന്‍ കാതല്‍’ ഹാരിസ് ജയരാജിന്റെ സംഗീതത്തിന്റെ ഇമ്പത്തോടെയായിരിക്കും പ്രേക്ഷകരെ വശീകരിക്കാനെത്തുന്നത്.