തലേ... മനസ്സലിയണേ.... ഇല്ലെങ്കില്‍ വിവരമറിയും!

WEBDUNIA|
PRO
ആരാധകര്‍ അങ്കലാപ്പിലാണ്. ഇങ്ങനെയും ഒരു തീരുമാനമുണ്ടോ? ലോകത്തില്‍ ഏതെങ്കിലുമൊരു സൂപ്പര്‍സ്റ്റാര്‍ ഇങ്ങനെയൊക്കെ ചെയ്യുമോ? ‘തല’ എന്താ ഇങ്ങനെ? തമിഴകത്തെ അള്‍ട്ടിമേറ്റ് സ്റ്റാര്‍ അജിത് കുമാര്‍ തന്‍റെ ഫാന്‍സ് ക്ലബ് പിരിച്ചുവിട്ടത് മേയ് ഒന്നിനാണ്. ജന്‍‌മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് തന്‍റെ ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിടുന്നതായി അജിത് പ്രഖ്യാപിച്ചത്.

ഫാന്‍സ് അസോസിയേഷനില്‍ ആരാധകരുടെ എണ്ണം കൂട്ടാന്‍ ആഞ്ഞു പരിശ്രമിക്കുന്ന താരങ്ങളാണ് തമിഴകത്തും കേരളത്തിലുമുള്ളത്. അവിടെയാണ് അജിത് വ്യത്യസ്തനാകുന്നത്. ആരാധകരെ തന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ലെന്നും എല്ലാവരുടെയും സ്നേഹം എപ്പോഴും കൂടെയുണ്ടാകണമെന്നും പറയുന്ന അജിത് ഫാന്‍സ് ക്ലബ് പിരിച്ചുവിടുകയാണെന്നും പ്രഖ്യാപിച്ചു.

ഇളയദളപതി വിജയ്‌യുടെ ഫാന്‍സും അജിത്തിന്‍റെ ഫാന്‍സും ബദ്ധ വൈരികളാണെന്ന് അറിയാമല്ലോ. വിജയ് ആണെങ്കില്‍ തന്‍റെ ആരധകരുടെ ബലം വര്‍ദ്ധിപ്പിച്ച് രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കാന്‍ നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു കടും‌കൈ ചെയ്തിരിക്കുന്നത്. ഫാന്‍സിന് സഹിക്കുമോ? പ്രതിഷേധിക്കാന്‍ തന്നെയാണ് അജിത് ഫാന്‍സിന്‍റെ തീരുമാനം.

‘തല’യുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഫാന്‍സ് ആവശ്യപ്പെട്ടുകഴിഞ്ഞു. 15 ദിവസത്തിനുള്ളില്‍ തീരുമാനം മാറ്റണമെന്നാണ് ഫാന്‍സ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അജിത്തിന്‍റെ വീടിനുമുന്നില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഫാന്‍സിന്‍റെ നീക്കം. എന്നാല്‍, എന്തൊക്കെ സംഭവിച്ചാലും തന്‍റെ തീരുമാനത്തില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്നാണ് അജിത്തിന്‍റെ നിലപാട്.

ഇത്തരം തീരുമാനങ്ങള്‍ മുമ്പും അജിത് കൈക്കൊണ്ടിട്ടുണ്ട്. തന്നെ ‘തല’യെന്നോ ‘അള്‍ട്ടിമേറ്റ് സ്റ്റാര്‍’ എന്നോ വിശേഷിപ്പിക്കരുതെന്ന് മുമ്പ് അജിത് അഭ്യര്‍ത്ഥിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :