സര്‍വദുഃഖങ്ങളുമകറ്റാന്‍ ചക്കുളത്തുകാവ് പൊങ്കാല

WEBDUNIA|
PRO
സമസ്ത ദു:ഖങ്ങളുടെയും പരിഹാരകേന്ദ്രമാണ് തിരുവല്ലയിലെ നീരേറ്റുപുറം ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം. മദ്ധ്യതിരുവിതാംകൂറില്‍ പ്രശസ്തമാണ് ചക്കുളത്തുകാവ് പൊങ്കാല. ജാതിമതഭേദമില്ലാതെ വിശ്വാസികള്‍ ജീവിത സാഗരത്തിലെ സര്‍വപ്രശ്നങ്ങള്‍ക്കും പരിഹാരം തേടി ചക്കുളത്തമ്മയുടെ സവിധത്തിലെത്തുന്നു. ഗണപതി, ശിവന്‍, സുബ്രഹ്മണ്യന്‍, വിഷ്ണു, ശാസ്താവ്, നവഗ്രഹങ്ങള്‍, യക്ഷിയമ്മ എന്നീ ഉപദേവതകളുമുണ്ട്.

വൃശ്ചികത്തില്‍ ദേവീ ചൈതന്യ നിറവില്‍ ഭക്തര്‍ ദേവീപ്രീതിക്കായി നടത്തുന്നു. തൃക്കാര്‍ത്തിക ദിവസമാണ് ചക്കുളത്തുകാവിലെ പൊങ്കാല. കാര്‍ത്തിക സ്തംഭം, ലക്ഷദീപം, നാരീപൂജ തുടങ്ങിയ ചടങ്ങുകള്‍ ഏറെ കീര്‍ത്തികേട്ടവയാണ്.

ദേവിക്ക് എല്ലാ വര്‍ഷവും കളമെഴുത്തും പാട്ടും നടത്തുന്നു. ആദ്യത്തെ വെള്ളിയാഴ്ചകളില്‍ ദേവിക്ക് നിവേദിക്കുന്ന ഔഷധജലം സകലരോഗങ്ങള്‍ക്കും ഒറ്റമൂലിയാണെന്നാണ് വിശ്വാസം. ആയുരാരോഗ്യത്തിനും സമാധാനത്തിനും വേണ്ടി പ്രത്യേക പൂജ ചെയ്ത ഔഷധ ജലം നല്‍കാറുണ്ട്. ഇവിടത്തെ വെറ്റില പ്രശ്നം അതിപ്രശസ്തമാണ്. പൂജാരിമുഖ്യനാണ് വെറ്റില ജോത്സ്യം വച്ചു പ്രവചനം നടത്തുക.

ചക്കുളത്തുകാവ് മദ്യപര്‍ക്ക് മോചനത്തിന്‍െറ തിരുനടയുമാണ്. എല്ലാ മലയാളമാസത്തിലെയും ആദ്യ വെള്ളിയാഴ്ച വിളിച്ചുചൊല്ലി പ്രാര്‍ത്ഥന നടക്കും. ഈ അവസരത്തിലാണ് മദ്യവിമുക്ത പ്രതിജ്ഞ.

പന്ത്രണ്ട് നോമ്പ് ദേവീ സാക്ഷാത്കാരത്തിന്‍െറ തീവ്ര സമാധാനക്രമത്തിലേക്ക് ഭക്തരെ നയിക്കുന്ന വ്രതാനുഷ്ഠാനമാണ്. ധനു ഒന്നിന് തുടങ്ങി പന്ത്രണ്ടിനാണ് പന്ത്രണ്ട് നോമ്പ് അവസാനിക്കുന്നത്.

ഐതീഹ്യം

കാട്ടില്‍ വിറക് വെട്ടാന്‍ പോയ ഒരു വേടന്‍ തന്നെ കൊത്താന്‍ വന്ന സര്‍പ്പത്തെ വെട്ടി. അതു ചത്തില്ല. പിന്നീട് ഇതേ സര്‍പ്പത്തെ ഒരു കുളക്കരയിലെ പുറ്റിന് മുകളില്‍ കണ്ടപ്പോള്‍ വേടന്‍ വീണ്ടും അതിനെ ആക്രമിച്ചു. പുറ്റ് പൊട്ടി ജലപ്രവാഹമുണ്ടായി .

അമ്പരന്ന് നിന്ന വേടന് മുന്നില്‍ ഒരു സന്യാസി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഇതേ സമയം വേടന്‍റെ കുടുംബവും അവിടെയെത്തിയിരുന്നു. വെള്ളത്തിന് പാലും തേനും കലര്‍ന്ന നിറം വരുമ്പോള്‍ ജലപ്രവാഹം അവസാനിക്കുമെന്ന് സന്യാസി അവരോട് പറഞ്ഞു.

പുറ്റിനകത്ത് പരാശക്തി ജലശയനം നടത്തിയ വെള്ളമാണിതെന്നും പുറ്റ് പൊളിച്ച് നോക്കിയാല്‍ ഒരു വിഗ്രഹം കാണാമെന്നും അദ്ദേഹം അവരോട് പറഞ്ഞു. അതിനെ വനദുര്‍ഗ്ഗയെന്ന് സങ്കല്പിച്ച് ആരാധിച്ചാല്‍ സര്‍വ്വ ഐശ്വര്യവും ഉണ്ടാകുമെന്ന് പറഞ്ഞ് പുറ്റ് ഉടച്ച് സന്യാസി വിഗ്രഹം പുറത്തെടുത്തു. അതോടെ സന്യാസി അപ്രത്യക്ഷനുമായി.

അന്ന് രാത്രിയില്‍ സന്യാസിയായി പ്രത്യക്ഷപ്പെട്ടത് സാക്ഷാല്‍ നാരദമുനിയാണെന്നും വേടന് സ്വപ്നദര്‍ശനം ഉണ്ടായി. ആ വിഗ്രഹമാണ് ചക്കുളത്തു കാവില്‍ കുടി കൊള്ളുന്നതെന്നാണ് ഐതീഹ്യം. പഴക്കം നിര്‍ണ്ണയിക്കാന്‍ കഴിയാത്തതാണ് ചക്കുളത്തുകാവിലെ മൂലവിഗ്രഹം.

അടുത്ത പേജില്‍: പവിത്രം, പുണ്യം - പൊങ്കാല


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :