വടക്ക് ദീപാവലിനാളില്‍ മഹാബലിയെത്തും!

ഡോ അംബികാസുതന്‍ മാങ്ങാട്

PRO
PRO
ബലീന്ദ്ര എന്ന വിളിയാണ് കാലക്രമത്തില്‍ മലയാളികള്‍ക്ക് പൊലീന്ദ്ര എന്നായി മാറിയത്. അതോടെ അനുഷ്ഠാനത്തിന്റെ അര്‍ഥവും മലയാളികള്‍ക്ക് അന്യമായി. കന്നടക്കാര്‍ ഇപ്പോഴും ബലീന്ദ്ര ബലീന്ദ്ര എന്നു തന്നെയാണ് വിളിക്കുന്നത്.

ജില്ലയിലെ ശാസ്താക്ഷേത്രങ്ങളില്‍ വലിയ ഉത്സവങ്ങളായിട്ടാണ് പൊലിയന്ത്രം വിളി കാലാകാലമായി അരങ്ങേറുന്നത്. ചടങ്ങുകളില്‍ നാടുമുഴുവന്‍ പങ്കെടുക്കുന്നു. വലിയ പാലമരം മുറിച്ച് കൊണ്ടുവന്ന് ക്ഷേത്രത്തിന് സമീപം നാട്ടുന്നു. ആബാലവൃദ്ധം ജനങ്ങള്‍ ആര്‍പ്പുവിളിയോടും വാദ്യഘോഷങ്ങളോടും കൂടി ചെത്തിമിനുക്കിയ കൂറ്റന്‍ മരം എട്ടും പത്തും കിലോമീറ്റര്‍ അകലെ നിന്ന് ഏറ്റിക്കൊണ്ട് വരുന്നത് ഒരു കാഴ്ച തന്നെയാണ്. സന്ധ്യാനേരത്ത് 21 ദീപങ്ങള്‍ പാലമരത്തില്‍ കൊളുത്തി ഗ്രാമമൊന്നിച്ച് ബലി മഹാരാജാവിന് അരിയെറിഞ്ഞ് ആര്‍ത്തുവിളിച്ച് ആ‍ദരിച്ച് സ്വീകരിക്കുന്നു.

ശാസ്താക്ഷേത്രങ്ങളില്‍ പൊലിയന്ത്രം വിളി നടന്ന് കഴിഞ്ഞാല്‍ മാത്രമേ ഗ്രാമത്തിലെ വീടുകളില്‍ പൊലിയന്ത്രം വിളി നടക്കുകയുള്ളു. പല ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും ഇപ്പോഴും ബലീന്ദ്ര പൂജ നടന്നുവരുന്നു. വൈഷ്ണവ പൂജാവിധികളാണ് ആചരിക്കുന്നത്. മണ്ണ് കൊണ്ട് ഒരു പീഠം നിര്‍മ്മിച്ച ശേഷം അതിന്‍‌മേല്‍ പാല നാട്ടി അതിന്റെ കവരങ്ങളില്‍ വിളക്ക് കൊളുത്തിയ ശേഷം നിവേദ്യം വച്ച് പൂജാവിധികള്‍. അതിനുശേഷമാണ് പൊലിയന്ത്രം വിളി.

ദീപാവലി ദിവസമാണ് ഈ ചടങ്ങുകള്‍ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രാചീനകാലത്ത് ദീപാവലി ദിവസം ഇന്ത്യയില്‍ പരക്കെ ബലിപൂജ നടന്നതിന് തെളിവുകളുണ്ട്. വരാഹമിഹിരന്റെ ബൃഹത് സംഹിതയില്‍ ദൈവങ്ങളുടെ പ്രതിമാ നിര്‍മ്മാണത്തെക്കുറിച്ച് വിവരിക്കുന്ന ഘട്ടത്തില്‍ വളരെ പ്രാധാന്യത്തോടെയാണ് ബലി പ്രതിമയെ കുറിച്ച് പ്രസ്താവിച്ചിട്ടൂള്ളത്. ബലിപൂജയായി ആദരിച്ച ദീപാവലി ഉത്സവം പിന്നീട് മറ്റൊന്നായി മാറിയതാവാനാണ് വഴി. ഭാരതത്തില്‍ നിന്നും ബലിപൂജ ഏറെയൊക്കെ തുടച്ചുനീക്കപ്പെട്ടുവെങ്കിലും തുളുനാട്ടില്‍(കര്‍ണ്ണാടകയിലെ കുന്താപുരം തൊട്ട് കാസര്‍കോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ വരെയുള്ള പ്രദേശം ഇന്നും ബലിയാരാധന പഴയപോലെ തുടരുന്നുവെന്നത് വിസ്മയിക്കേണ്ടതായ ഒരു വസ്തുതയാണ്).

ചടങ്ങില്‍ പാലമരത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. തമിഴ്നാട്ടില്‍ ചൊക്കപ്പനൈ എന്നൊരു അനുഷ്ഠാനമുണ്ട്. ശാസ്താക്ഷേത്രത്തില്‍ പാലമരം കൊണ്ടുവരുന്നത് പോലെ സാഘോഷം വനമരം ഏറ്റിക്കൊണ്ട് വന്ന് ക്ഷേത്രത്തിനരികില്‍ സ്ഥാപിക്കുന്ന ചടങ്ങാണ് അത്. ബലിപൂജയാണ് ആ ചടങ്ങെന്ന് വിശ്വസിക്കപ്പെടുന്നു. പാലമരത്തിന് പകരം അവിടെ പന ഉപയോഗിക്കുന്നു. പാലമരവും പനമരവും അദൃശ്യശക്തികളുടെ വാസകേന്ദ്രമാണെന്ന വിശ്വാസം കൂടി ഓര്‍ക്കുക.

WEBDUNIA|
ജില്ലയുടെ വടക്കന്‍ ഭാഗങ്ങളില്‍ കന്നടക്കാര്‍ കൂടുതല്‍ അധിവസിക്കുന്ന സ്ഥലങ്ങളില്‍ ചില വീടുകളിലും ആരാധാനാ‍ലയങ്ങളിലും പൊലിയന്ത്രം ചടങ്ങിനോടൊപ്പം ബലീന്ദ്ര സന്ധ്യ എന്ന നാടന്‍ പാട്ടും പാടുന്നുണ്ട്. ‘ബലി മഹാരാജാവേ ഈ നാട് അങ്ങയുടേതാണ്, ഏഴ് കടലും കടന്ന് അങ്ങ് വന്നാലും, ഞങ്ങളുടെ സല്‍ക്കാരും സ്വീകരിച്ചാ‍ലും’ എന്നെല്ലാം സ്തുതിച്ച് പാടിക്കൊണ്ടാണ് മഹാബലിയെ ആദരപൂര്‍വം സ്വീകരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :