വടക്ക് ദീപാവലിനാളില്‍ മഹാബലിയെത്തും!

ഡോ അംബികാസുതന്‍ മാങ്ങാട്

WEBDUNIA|
PRO
PRO
ചിങ്ങമാസത്തിലെ തിരുവോണ നാളിലല്ല മഹാബലി കാസര്‍ഗോഡ് ജില്ലയില്‍ എഴുന്നെള്ളുന്നത്. ദീപാവലി നാളിലാണ്. തുലാം മാസത്തിലെ കറുത്തവാവ് തൊട്ടുള്ള മൂന്ന് ദിവസങ്ങളിലാണ്. ഇതര ജില്ലകളില്‍ നിന്നും പാടേ വിഭിന്നമായി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയാണ് കാസര്‍ഗോഡ് ജില്ലയുള്‍പ്പെടുന്ന തുളുനാട് മഹാബലിയെ എതിരേല്‍ക്കുന്നത്. മൂന്ന് ദിവസങ്ങളിലായി(ചിലയിടങ്ങളീല്‍ ഒരു ദിവസം) പൊലിയന്ത്രം എന്ന പേരില്‍ നടക്കുന്ന ഈ അനുഷ്ഠാനത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയും.

ഏറ്റവും രസകരമായ വസ്തുത, പണ്ടുപണ്ടേ ആചരിച്ചുവരുന്ന ഈ അനുഷ്ഠാനം മഹാബലി പൂജയാണെന്ന് മലയാളികള്‍ക്ക് അറിയില്ല എന്നതാണ്. അതേസമയം ജില്ലയുടെ വടക്കന്‍ ദിക്കിലുള്ള കന്നടക്കാര്‍ക്ക് അതറിയുകയും ചെയ്യാം. പൊലിയുക, ഐശ്വര്യമുണ്ടാവുക എന്നര്‍ഥത്തില്‍ വിളവെടുപ്പിന് ശേഷം നടക്കുന്ന ചടങ്ങായതുകൊണ്ടും ഒരു ഉര്‍വരതാനുഷ്ഠാനമായിട്ടാ‍ണ് ഈ ചടങ്ങ് ആള്‍ക്കാര്‍ കരുതിപ്പോന്നത്.

പതുക്കെ ഈ അനുഷ്ഠാനം അപ്രത്യക്ഷമാകാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ജില്ലയില്‍ പല ഭാഗങ്ങളിലും ഈ ചടങ്ങ് ഇപ്പോഴും നടക്കുന്നുണ്ട്. ജാതിഭേദമില്ലാതെ പണ്ഡിത-പാമര ഭേദമില്ലാതെ ആളുകള്‍ ഈ ചടങ്ങില്‍ ഭാഗഭാക്കാകുന്നുണ്ട്. വീടുകള്‍ക്ക് പുറമെ തെയ്യക്കാവുകളിലും മറ്റു പല ആരാധാനാലയങ്ങളിലും പൊലിയന്ത്രം വിളി മുടങ്ങാതെ നടക്കുന്നുണ്ട്.

തുലാമാസത്തിലെ അമാവാസി ദീപാവലി ദിവസം ഏഴിലം‌പാലയുടെ മുമ്മൂന്ന് ശിഖിരങ്ങളുള്ള കൊമ്പുകള്‍ ശേഖരിച്ച് മര്‍മപ്രധാനമായ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നു. വീട്ടിലാണെങ്കില്‍ മുറ്റത്തും കിണറ്റിന്‍ കരയിലും തൊഴുത്തിലും മറ്റുമാണ് പൂക്കളെകൊണ്ട് അലങ്കരിച്ച പാലക്കൊമ്പുകള്‍ സ്ഥാപിക്കുന്നത്. അതിന്റെ കവരങ്ങളില്‍ ചിരട്ടത്തുണ്ടുകള്‍ ഇറക്കിവയ്ക്കുന്നു. സന്ധ്യാനാമത്തിനു ശേഷം പടിഞ്ഞാറ്റയില്‍ നിന്നും വിളക്കും തളികയുമേന്തി കുടുംബാംഗങ്ങള്‍ വീട്ടുമുറ്റത്തേക്ക് വരുന്നു. തളികയില്‍ അരിയും തിരിയുമുണ്ടാകും. (കാഞ്ഞങ്ങാട്ടിന് തെക്കുള്ള പ്രദേശങ്ങളില്‍ അരിവറുത്ത് ചെറിയ കിഴികെട്ടി എണ്ണയില്‍ മുക്കി ചിരട്ടയില്‍ വച്ച് കത്തിക്കുന്ന സമ്പ്രദായമാണ് ഉള്ളത്).

തിരി എണ്ണയില്‍ മുക്കി കത്തിച്ചതിന് ശേഷം ചിരട്ടയിലേക്ക് ഇറക്കിവച്ച് പൊലിയന്ത്രാ, പൊലിയന്ത്രാ അരിയോ അരി(ഹരി ഓം ഹരി) എന്ന് മൂന്ന് പ്രാവശ്യം ഉറക്കെ വിളിക്കുന്നു. കന്നട സംസാരിക്കുന്ന ചില പ്രദേശങ്ങളില്‍ ഹരി ഓം എന്നതിന് പകരം ‘ക്ര’ എന്ന് കൂവുന്ന പതിവാണുള്ളത്. മൂന്നാം ദിവസം പൊലിയന്ത്രയെ(ബലീന്ദ്രന്‍) വിളിച്ച ശേഷം മേപ്പട്ട് കാലത്ത് നേരത്തെ വാ എന്ന് കൂടി പറയും. തുളുഭാഷ സംസാരിക്കുന്നവര്‍ പൊസവര്‍പ്പട്ട് ബേക്ക ബല്ല(പുതുവര്‍ഷത്തില്‍ വേഗം വാ) എന്നാണ് പറയുന്നത്. ഈ അഭ്യര്‍ഥന കാഞ്ഞങ്ങാടിന് തെക്ക് കാണുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :