വര്‍ഷത്തിലെ മുഴുവന്‍ ദിവസങ്ങളിലും ഓരോ ആഘോഷങ്ങള്‍ കൊണ്ടാടുന്ന പാരമ്പര്യം ഭാരതീയ സംസ്കാരത്തിനുണ്ടായിരുന്നു. ജീവിതം തന്നെ ആഘോഷമാക്കി മാറ്റുക എന്ന ആശയമായിരുന്നു അതിന് പിന്നില്‍.
ഇത്തരം ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലിയും. ദീപാവലിക്ക് പടക്കവും പൂത്തിരിയും കത്തിക്കാനുള്ള ആവേശം ആ ഒരു ദിവസത്തേക്ക് മാത്രമായി ഒതുക്കേണ്ടതല്ല. ഉള്ളിന്റെ ഉള്ളില്‍ ആ പ്രകാശം എന്നും ജ്വലിച്ച് നില്‍ക്കണം. ആഘോഷങ്ങളൊന്നുമില്ലാതെ, നനഞ്ഞ പടക്കം പോലെ ജീവിച്ചാല്‍ നിങ്ങളെ ഉണര്‍ത്താന്‍ എന്നും പുറത്ത് നിന്ന് ആരെങ്കിലും പടക്കം പൊട്ടിക്കേണ്ടിവരും.
ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. അന്നേ ദിവസം ഗ്രാമങ്ങളും നഗരങ്ങളും ഒന്നടങ്കം ആയിരം ദീപങ്ങളാല്‍ അലംകൃതമാകും. പുറത്ത് ദീപങ്ങള്‍ കത്തിച്ചുവച്ചത് കൊണ്ട് കാര്യമില്ല. ഉള്ളവും പ്രകാശപൂര്‍ണ്ണമായിരിക്കണം. വെളിച്ചം എന്നാല്‍ വിശുദ്ധിയാണ്. അതില്ലെങ്കില്‍ നിങ്ങളുടെ മറ്റ് ഗുണഗണങ്ങളെല്ലാം കോട്ടങ്ങളായി മാറും. വ്യക്തതയില്ലാത്ത ആത്മാര്‍ത്ഥത ദുരന്തത്തിന്റെ ഫലം ചെയ്യും. ലോകത്ത് ഇന്ന് നടക്കുന്ന പല പ്രവര്‍ത്തികളും ഈ രീതിയിലുള്ളതാണ്.
ഒരിക്കല്‍ ഒരാള്‍ക്ക് പൊലീസില്‍ ജോലി കിട്ടി. ഇയാളും പരിചയസമ്പന്നനായ മറ്റൊരു പൊലീസുകാരനും വാഹനത്തില്‍ നഗരം ചുറ്റിത്തിരിയുകയായിരുന്നു. ഇതിനിടെ അവര്‍ക്ക് റേഡിയോ സന്ദേശം ലഭിച്ചു. ഒരു കൂട്ടം ആളുകള്‍ നഗരത്തില്‍ തടസ്സം സൃഷ്ടിക്കുകയാണെന്നും, അവരെ പിരിച്ചുവിടണമെന്നുമായിരുന്നു സന്ദേശം. അവര്‍ യാത്ര തുടരുന്നതിനിടെ ഒരു സംഘം ആളുകള്‍ ഒരു കോണില്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ടു. കാര്‍ അവരുടെ സമീപത്തേക്ക് അടുപ്പിച്ച് പൊലീസുകാരന്‍ തല പുറത്തേക്കിട്ട് നോക്കി പറഞ്ഞു- ‘എല്ലാവരും അവിടെ നിന്ന് പിരിഞ്ഞുപോകണം!’ ഇത് കേട്ട് ആളുകള്‍ പരസ്പരം നോക്കി. അപ്പോള്‍ അയാള്‍ ശബ്ദം കൂട്ടി പറഞ്ഞു, ‘നിങ്ങള്‍ ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ലേ? അവിടെ നിന്ന് മാറാനാണ് പറഞ്ഞത്!‘ ഇതോടെ ആളുകള്‍ പിരിഞ്ഞുപോയി.
ആദ്യ ഡ്യൂട്ടിയ്ക്കിടെ തന്നെ ആളുകളെ അനുസരിപ്പിക്കാന്‍ സാധിച്ചതില്‍ പൊലീസുകാരന്‍ അഭിമാനം കൊണ്ടു. ഒപ്പമുള്ള പരിചയസമ്പന്നനായ പൊലീസുകാരനോട് അയാള്‍ ചോദിച്ചു, ‘എങ്ങനെയുണ്ട് എന്റെ പ്രവൃത്തി?’. മറ്റേയാള്‍ മറുപടി നല്‍കി, ‘ഒട്ടും മോശമല്ല, പക്ഷേ അതൊരു ബസ് സ്റ്റോപ് ആയിരുന്നു’.
വ്യക്തതയില്ലാതെ നിങ്ങള്‍ എന്ത് ചെയ്താലും അത് ദുരന്തമായി കലാശിക്കും. നിങ്ങളുടെ ചിന്തകള്‍ക്ക് വ്യക്തത വരുത്താന്‍ പ്രകാശത്തിന് കഴിയും. കറുത്ത ശക്തികള്‍ക്ക് അന്ത്യം കുറിച്ച് പ്രകാശം ജന്മമെടുത്ത ദിനമാണ് ദീപാവലി. സൂര്യരശ്മികള്‍ക്ക് തടസ്സം സൃഷ്ടിച്ച് അന്തരീക്ഷത്തില്‍ മൂടിക്കെട്ടി നില്‍ക്കുന്ന കാര്‍മേഘങ്ങളെ കണ്ടിട്ടില്ലേ. ഉള്ളിലുള്ള കാര്‍മേഘങ്ങളെ അകറ്റിയാല്‍ മനുഷ്യമനസ്സിലേക്കും പ്രകാശം കടന്നുവരും. ദീപങ്ങളുടെ ഈ ആഘോഷം അതിന്റെ ഓര്‍മ്മപ്പെടുത്തലാണ്.