സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കാന്‍ രാഹുല്‍

WEBDUNIA| Last Modified ശനി, 11 ജനുവരി 2014 (13:08 IST)
ഈ മാസം ഒടുവില്‍ സാധ്യതാ സ്ഥാനാര്‍ഥി തയാറാക്കാന്‍ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാന ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കി. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി രൂപീകരിച്ച സമിതികളുടെ അധ്യക്ഷര്‍ പങ്കെടുത്ത യോഗത്തിലാണു നിര്‍ദേശമുണ്ടായത്‌. പത്തു സമിതികള്‍ക്കാണു രൂപം നല്‍കിയിട്ടുള്ളത്‌.

ഗുലാം നബി ആസാദാണു കേരള സമിതിയുടെ അധ്യക്ഷന്‍. സുഭാന്‍കര്‍ സര്‍ക്കാര്‍, മുകുള്‍ വാസ്നിക്‌, ഉമ്മന്‍ ചാണ്ടി, രമേശ്‌ ചെന്നിത്തല എന്നിവര്‍ അംഗങ്ങളായിരിക്കും. തമിഴ്‌നാട്‌, ലക്ഷദ്വീപ്‌, പോണ്ടിച്ചേരി എന്നിവയുടെ ചുമതലയും ഗുലാം നബിക്കുണ്ട്‌.

ആന്ധ്രപ്രദേശ്‌, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ ചുമതല വയലാര്‍ രവിക്കാണ്‌. ഡല്‍ഹി, ചണ്ഡീഗഡ്‌, ഹരിയാന, പഞ്ചാബ്‌ എന്നിവിടങ്ങളിലെ ചുമതല പിസി ചാക്കോയ്ക്കു നല്‍കി. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തയാറെടുപ്പുകള്‍ പാര്‍ട്ടി ഏതാനും മാസം മുന്‍പു തന്നെ തുടങ്ങിയെന്നും ഇതിനു വ്യവസ്ഥാപിത സംവിധാനം ഏര്‍പ്പെടുത്താനാണു ശ്രമമെന്നും രാഹുല്‍ പറഞ്ഞു.

സംസ്ഥാനങ്ങളില്‍ നിന്നു സ്ഥാനാര്‍ഥിപ്പട്ടിക ലഭിച്ചശേഷം ഈ മാസമൊടുവില്‍ വീണ്ടും സമിതി അധ്യക്ഷരുടെ യോഗമുണ്ടാകുമെന്നു പി.സി. ചാക്കോ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :