ഒരവസരം കൂടി നല്‍കണമെന്ന്‌ കെ സി വേണുഗോപാല്‍

WEBDUNIA|
PRO
PRO
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവിനുള്ളില്‍ എംപി എന്ന നിലയില്‍ കഴിവിന്റെ പരമാവധി ചെയ്തെന്നും ഒരവസരം കൂടി നല്‍കണമെന്നും ആലപ്പുഴയിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാല്‍. 1983 ല്‍ തുടക്കം കുറിച്ച ആലപ്പുഴ ബൈപ്പാസ്‌ അധികം വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കുന്നു.

42 ശതമാനം അധികം ടെണ്ടര്‍ നിരക്ക്‌ അംഗീകരിക്കാനാകാത്തതിനാലാണ്‌ ബൈപ്പാസിന്റെ നടപടിക്രമങ്ങള്‍ വൈകുന്നത്‌. റീടെണ്ടര്‍ നടപടിയായതായും അദ്ദേഹം അവകാശപ്പെട്ടു. ആലപ്പുഴ മെഡിക്കല്‍കോളേജ്‌ നവീകരണം, കടല്‍ഭിത്തി, മെഗാടൂറിസം പദ്ധതി, പാസ്പോര്‍ട്ട്‌ സേവാകേന്ദ്രം, നാഷണല്‍ പവര്‍ ട്രെയിനിങ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌, എല്ലാ ലവല്‍ക്രോസിലും കാവല്‍ക്കാരെ നിയമിച്ചത്‌ തുടങ്ങിയവയാണ്‌ തന്റെ നേട്ടങ്ങളെന്നും വേണുഗോപാല്‍ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊണ്ട്‌ പൂര്‍ത്തികരിച്ച ഏതെങ്കിലും പദ്ധതിയുണ്ടോയെന്ന്‌ ചോദ്യത്തിന്‌ ഒരു പദ്ധതിയും അഞ്ചു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. കായംകുളം താപവൈദ്യുതി നിലയം നവീകരണം യാഥാര്‍ത്ഥ്യമാകാത്തത്‌ വാതക പൈപ്പ്‌ലൈന്‍ കടലിലൂടെ യ്ഥാപിക്കുന്നതിന്‌ മത്സ്യത്തൊഴിലാളി സംഘടനകള്‍ എതിത്തതിനാലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സരിത വിഷയത്തില്‍ ആരോപണം ഉന്നയിച്ച വെള്ളാപ്പള്ളി നടേശനെതിരെ കേസ്‌ കൊടുക്കാത്തത്‌ എസ്‌എന്‍ഡിപിയെ ബഹുമാനിക്കുന്നതിനാലാണെന്നും വേണുഗോപാല്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :