തെരഞ്ഞെടുപ്പ്‌ ചെലവ്‌: നിരീക്ഷണം ശക്തമാക്കി

WEBDUNIA|
PRO
PRO
കൊല്ലം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ്‌ ചെലവ്‌ നിരീക്ഷിക്കുന്ന പ്രവര്‍ത്തനം ശക്തമാക്കിയതായി ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥ്‌ അറിയിച്ചു.
കേരളത്തില്‍ ലോക്സഭാ മണ്ഡലത്തില്‍ പ്രചരണത്തിന്‌ സ്ഥാനാര്‍ഥികള്‍ക്ക്‌ ചെലവാക്കാന്‍ അനുവദീയമായ പരമാവധി തുക 70 ലക്ഷം രൂപയാണ്‌.

അസിസ്റ്റന്റ്‌ എക്സ്പെന്റിച്ചര്‍ ഒബ്സര്‍വര്‍മാരുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ വീഡിയോ നിരീക്ഷണ ടീമുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ ദൃശ്യങ്ങള്‍ സിവില്‍ സ്റ്റേഷനിലും മറ്റ്‌ താലൂക്ക്‌ കേന്ദ്രങ്ങളിലും നിയോഗിക്കപ്പെട്ടിട്ടുള്ള വീഡിയോ വ്യൂവിംഗ്‌ ടീമുകള്‍ വീക്ഷിക്കുന്ന പ്രവര്‍ത്തനവും ഇതോടൊപ്പം നടക്കുന്നു. വ്യൂവിംഗ്‌ ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങളിലെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി തിരഞ്ഞെടുപ്പ്‌ അക്കൗണ്ടിംഗ്‌ വിഭാഗത്തിന്‌ നല്‍കുന്നു. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പത്രികയിലെ നിരക്കുകള്‍ അടിസ്ഥാനപ്പെടുത്തി ഓരോ ഇനത്തിനും ചെലവ്‌ കണക്കാക്കി അക്കൗണ്ടിംഗ്‌ ടീം ഷാഡോ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നു. പാര്‍ലമെന്റ്‌ മണ്ഡലത്തിന്‌ കീഴിലെ നിയമാസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള ഷാഡോ രജിസ്റ്ററിലെ കണക്കുകള്‍ ജില്ലാതലത്തില്‍ ക്രോഡീകരിക്കുകയും ചെയ്യും. സ്ഥാനാര്‍ഥികള്‍ തയ്യാറാക്കു കണക്കും നിരീക്ഷണ രജിസ്റ്ററിലെ കണക്കും എക്സ്പെന്റീച്ചര്‍ നിരീക്ഷകന്റെ സാന്നിധ്യത്തില്‍ പരിശോധിച്ച്‌ കൃത്യത ഉറപ്പ്‌ വരുത്തുകയെന്നതാണ്‌ ലക്ഷ്യം.

വോട്ടര്‍ക്ക്‌ പണം നല്‍കി സ്വാധീനിക്കുക, മദ്യം വിതരണം ചെയ്യുക, സമ്മാനങ്ങള്‍ നല്‍കുക, വസ്ത്രങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നടപടി എടുക്കുന്നതിനും എക്സിക്യൂട്ടീവ്‌ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ പോലീസ്‌ സഹായത്തോടെ ഫ്ലയിംഗ്‌ സ്ക്വാഡ്‌, മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനും പോലീസും അടങ്ങിയ സ്റ്റാറ്റിക്‌ സര്‍വെയലന്‍സ്‌ ടീം എന്നിവയും വിവിധ അസംബ്ലി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച്‌ സജീവമായി പ്രവര്‍ത്തിക്കുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ കളക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലെ ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം. നമ്പര്‍ - 18004259923.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :