ആശയക്കുഴപ്പം: പ്രമുഖരുടെ നാമനിര്‍ദ്ദേശപത്രികയില്‍ തെളിവെടുപ്പ് ഇന്ന്

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 25 മാര്‍ച്ച് 2014 (11:30 IST)
PRO
ആശയക്കുഴപ്പത്തെ തുടര്‍ന്ന് സ്വീകരിക്കാത്ത നാമനിര്‍ദ്ദേശ പത്രികകളുടെ കാര്യത്തില്‍ തെളിവെടുപ്പ് ഇന്ന്.

യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ കോട്ടയത്തെ ജോസ് കെ മാണി, തിരുവനന്തപുരത്തെ ശശിതരൂര്‍, ആറ്റിങ്ങലിലെ ബിന്ദുകൃഷ്ണ, തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോബെനറ്റ് എബ്രഹാം എന്നിവരുടെ പത്രികയിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.

തെളിവെടുപ്പിന് ശേഷം പത്രിക സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകും.അപരന്‍മാരില്‍ ചിലരുടെ പത്രികകള്‍ സ്വീകരിക്കുന്നതും തര്‍ക്കത്തില്‍ക്കുടുങ്ങി നീളുന്നു.

കോട്ടയത്ത് യുഡിഎഫിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയുടെ നാമനിര്‍ദ്ദേശ പത്രികക്കൊപ്പമുള്ള 'എ' ഫോറത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി ഒപ്പിട്ടത് സംബന്ധിച്ച് എല്‍ഡിഎഫും ബിജെപിയും നല്‍കിയ പരാതിയിന്‍ മേലാണ് ജോസ് കെ മാണിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്നത് വരണാധികാരി നീട്ടിവെച്ചത്.

2005ലെ തെരഞ്ഞെടുപ്പ് രേഖകള്‍ പ്രകാരം കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി അല്ലെന്ന വാദം ചൂണ്ടിക്കാട്ടിയാണ് എതിര്‍പാര്‍ട്ടികള്‍ പരാതി നല്‍കിയത്.

തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബെനറ്റ് എബ്രഹാം, ശശി തരൂര്‍ എന്നിവരുടെ പത്രിക സ്വീകരിക്കുന്നതും നീട്ടിവെച്ചിട്ടുണ്ട്. ശശി തരൂര്‍ ഭാര്യ സുനന്ദ പുഷ്‌കറിന്റെ സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും ബെനറ്റ് എബ്രഹാം കോടതിയില്‍ നടക്കുന്ന സാമ്പത്തിക ഇടപാടകളുമായി ബന്ധപ്പെട്ട കേസ് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നുമാണ് പരാതി.

ആറ്റിങ്ങലില്‍ ബിന്ദു കൃഷ്ണ വരുമാന സ്രോതസുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് കാട്ടിയാണ് എതിര്‍സ്ഥാനാര്‍ത്ഥിയായ സമ്പത്ത് പരാതി സമര്‍പ്പിച്ചിട്ടുള്ളത്.

സ്ഥാനാര്‍ത്ഥികള്‍ നേരിട്ടെത്തി രേഖകളും വിശദീകരണവും വരണാധികാരിയെ ബോധ്യപ്പെടുത്തണം. വിശദീകരണം ബോധ്യപ്പെട്ടാല്‍ വരണാധികാരി നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും.


ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ പത്രികയിലെ സത്യവാങ്മൂലം തിരുത്തി നല്‍കാന്‍ അനുവദിച്ചതില്‍ കളക്ടര്‍ക്കെതിരെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബുധനാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :