നെഹ്റു കുടുംബത്തില്‍ 4 എം പിമാര്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 17 മെയ് 2009 (17:11 IST)
നെഹ്രു-ഗാന്ധി കുടുംബത്തിന്‍റെ സജീവ സാന്നിദ്ധ്യം കൊണ്ടായിരിക്കും പതിനഞ്ചാം ലോക്സഭ ശ്രദ്ധേയമാവുക. എതിര്‍ചേരികളിലാണെങ്കിലും ഈ കുടുംബത്തില്‍ നിന്ന് നാല് പേരാണ് ഇത്തവണ പാര്‍ലമെന്‍റ്റില്‍ എത്തുന്നത്‍.

സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ഭരണ പക്ഷത്തിരിക്കുമ്പോള്‍ എതിര്‍പക്ഷത്ത് മേനക ഗാന്ധിയും മകന്‍ വരുണുമാണ് ഇരിക്കുക. ഇതാദ്യമായാണ് ഒരു കുടുംബത്തില്‍ നിന്ന് തന്നെ നാല് പേര്‍ പാര്‍ലമെന്‍റില്‍ സ്ഥാനം നേടുന്നത്. സോണിയ റായ്ബറേലിയില്‍ നിന്നും രാഹുല്‍ അമേഠിയില്‍ നിന്നുമാണ് ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള ടിക്കറ്റ് നേടിയത്. മൂന്നര ലക്ഷത്തില്‍ പരം വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു അമ്മയുടെയും മകന്‍റെയും വിജയം.

അത്രതന്നെ തിളക്കമാര്‍ന്നതല്ലെങ്കിലും മേനക ഗാന്ധിയും വരുണ്‍ ഗാന്ധിയും വിജയം അന്യമല്ലെന്ന് തെളിയിച്ചിരിക്കുന്നു. ഉത്തര്‍പ്രദേശിലെ അവോണ്‍ല മണ്ഡലത്തില്‍ നിന്ന് 6,400 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ മേനക വീണ്ടും പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മകന്‍ വരുണാകട്ടെ പിലിബിറ്റില്‍ തന്‍റെ കന്നിയങ്കത്തില്‍ തന്നെ എതിര്‍ സ്ഥാനാര്‍ത്ഥിയും അമ്മാവനുമായ പി എം സിംഗിനെ പരാജയപ്പെടുത്തിക്കൊണ്ട് പാര്‍ട്ടിക്ക് തള്ളിക്കളയാനാവാത്ത നേതാവാണെന്ന് താനെന്ന് സ്വയം തെളിയിച്ചിരിക്കുന്നു.

1952ലെ ആദ്യ പാര്‍ലമെന്‍റില്‍ അംഗമായി ജവഹര്‍ ലാല്‍ നെഹ്റു രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായതോടെയാണ് ഗാന്ധി കുടുംബം ദേശീയ രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമാവുന്നത്. നെഹ്രുവിന്‍റെ മരുമകന്‍ ഫിറോസ് ഗാന്ധിയും ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :