WEBDUNIA|
Last Modified വ്യാഴം, 9 ഏപ്രില്‍ 2009 (15:16 IST)
ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെക്കാള്‍ തിരക്കുള്ള ഒരാളുണ്ട്. അത് ഒരു രാഷ്ട്രീയക്കാരനല്ല എന്നറിയുമ്പോഴാണ് കൂടുതല്‍ കൌതുകം. സാക്ഷാല്‍ വെള്ളാപ്പള്ളി നടേശനാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും നിന്നുതിരിയാന്‍ പോലും സമയമില്ലാത്തത്ര തിരക്കിലായത്. രണ്ടു മുന്നണികളുടെയും ബി ജെ പിയുടെയും എന്തിന് സ്വതന്ത്രന്‍മാരുടെ പോലും പ്രിയപ്പെട്ടവനായി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി മാറിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികളും നേതാക്കന്‍മാരും വെള്ളാപ്പള്ളിയെ സന്ദര്‍ശിക്കാനായി തിക്കിത്തിരക്കുകയാണ്. തെരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ച് ഏകദേശ ധാരണയായപ്പോള്‍ ഇടുക്കി മണ്ഡലത്തില്‍ പിന്തുണയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായി കേരളാകോണ്‍ഗ്രസ് ജെ നേതാക്കളായ പി ജെ ജോസഫും ഫ്രാന്‍സിസ് ജോര്‍ജ് എം പിയുമാണ് വെള്ളാപ്പള്ളിയെ സന്ദര്‍ശിക്കാന്‍ ആദ്യമെത്തിയത്. അന്ന് തുടങ്ങിയ ഒഴുക്കാണ്. നേരം പുലര്‍ന്നാല്‍ വെള്ളാപ്പള്ളി കണികാണുക ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയെയാകും എന്നത് ഉറപ്പ്.
സി പി ഐ മന്ത്രിമാരായ സി ദിവാകരനും മുല്ലക്കര രത്നാകരനുമാണ് ഇന്ന് വെള്ളാപ്പള്ളിയെ കാണാന്‍ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയ പ്രമുഖര്‍. സി പി ഐ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ എസ് എന്‍ ഡി പിയുടെ പിന്തുണ തേടിയാണ് ഇവരെത്തിയത്. എന്നാല്‍ ഇവര്‍ വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തുമ്പോള്‍ തന്നെ ഊഴം കാത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ എന്‍ പീതാംബരക്കുറുപ്പും കെ പി ധനപാലനും പുറത്തുണ്ടായിരുന്നു. മന്ത്രിമാര്‍ യാത്രപറഞ്ഞിറങ്ങിയയുടന്‍ പീതാംബരക്കുറുപ്പും ധനപാലനും വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തി.
തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ഇന്ന് രാവിലെ കാണാന്‍ വരാമെന്ന് പറഞ്ഞിരുന്നതാണെന്നും ചില കാരണങ്ങളാല്‍ അദ്ദേഹം അത് മാറ്റിവച്ചുവെന്നും വെള്ളാപ്പള്ളി അറിയിച്ചു. എല്ലാവരും പിന്തുണതേടി എത്തുമ്പോള്‍ ആരെയാവും പിന്തുണയ്ക്കുക എന്ന് ചോദിച്ചാല്‍ സ്വതസിദ്ധമായ പുഞ്ചിരിയായിരിക്കും വെള്ളാപ്പള്ളിയുടെ മറുപടി.
എന്തായാലും തെരഞ്ഞെടുപ്പിന്‍റെ പൂര്‍ണമായ ചിത്രം വ്യക്തമാകുമ്പോള്‍ അഭിപ്രായം പറയാമെന്നാണ് വെള്ളാപ്പള്ളി അറിയിച്ചിരിക്കുന്നത്.