പി ഡി പി ബന്ധം വി എസ് എതിര്‍ത്തില്ല: കാരാട്ട്

WEBDUNIA| Last Modified വ്യാഴം, 9 ഏപ്രില്‍ 2009 (15:20 IST)
പി ഡി പിയുമായി ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടി ബന്ധം സ്ഥാപിക്കുന്നതിനെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ എതിര്‍ത്തിട്ടില്ലെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ വി എസ് ജയിലില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും കാരാട്ട് പറഞ്ഞു.

കേരളത്തില്‍ മത തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പി ഡി പി അതില്‍ പെടില്ല. അടുത്തകാലത്തൊന്നും വര്‍ഗീയമായ പ്രസംഗങ്ങള്‍ മദനി നടത്തിയിട്ടില്ല. പി ഡി പി ബന്ധം സംബന്ധിച്ച് സി പി എം കേരള ഘടകത്തില്‍ രണ്ടഭിപ്രായമില്ല. പാര്‍ട്ടിയുടെ തീരുമാനം തന്നെയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കുമുള്ളത് - കാരാട്ട് പറഞ്ഞു.

അതേസമയം, കാരാട്ടിന്‍റെ പ്രസ്താവനയ്ക്ക് സമാനമായ വാക്കുകളുമായി സി പി എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍‌പിള്ളയും രംഗത്തെത്തി.

പി ഡി പിയുടെ വോട്ടു സ്വീകരിക്കും എന്നല്ലാതെ മറ്റു ബന്ധങ്ങളൊന്നും ആ പാര്‍ട്ടിയുമായി ഇല്ലെന്ന് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട്‌ തന്നെയാണ് മുഖ്യമന്ത്രിക്കുമുള്ളത്. പി ഡി പി വര്‍ഗീയപാര്‍ട്ടിയാണോ അല്ലയോ എന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. പി ഡി പി ഇടതുമുന്നണിയുടെ ഘടകകക്ഷിയല്ല. ഘടകകക്ഷിയാക്കണമെന്ന അപേക്ഷ പി ഡി പി നല്‍കിയിട്ടുമില്ല - എസ് ആര്‍ പി പറഞ്ഞു.

ഘടകകക്ഷിയാക്കണമെന്ന് പി ഡി പി അപേക്ഷ തന്നാല്‍ പരിഗണിക്കുമോ എന്ന ചോദ്യത്തിന് ‘അപേക്ഷ തരട്ടെ, അപ്പോള്‍ നോക്കാം’ എന്നായിരുന്നു എസ് ആര്‍ പിയുടെ മറുപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :