പി ഡി പിക്ക് മാറ്റമില്ല: കാരാട്ട്

തൃശൂര്‍| WEBDUNIA|
പി ഡി പിക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാ‍ട്ട്. 2006ലെ പി ഡി പി തന്നെയാണ് ഇപ്പൊഴത്തെ പിഡിപിയെന്നും കാരാട്ട് പറഞ്ഞു. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.

പത്തൊമ്പതാം നൂറ്റാണ്ടിലെ മുതലാളിത്ത നയങ്ങള്‍ നടപ്പിലാക്കുന്ന കോണ്‍ഗ്രസാണ് ഭൂതകാലത്തില്‍ ജീവിക്കുന്നത്. എല്ലാം വിപണിയ്ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള സാമ്പത്തിക നയങ്ങളുടെ ദുരന്ത ഫലങ്ങള്‍ ലോകം ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നാണ് ഉപദേശിക്കാനുള്ളത്. കാലാഹരണപ്പെട്ട സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുന്ന കോണ്‍ഗ്രസാണ് ഭൂതകാലത്തിന്‍റെ തടവുകാരെന്നും കാരാട്ട് പറഞ്ഞു.

ശരദ് പവാര്‍ ഒരു മുന്നണിയിലും ഭാഗമായിട്ടില്ല. എന്നാല്‍ ഭാവിയില്‍ അദ്ദേഹം മൂന്നാം മുന്നണിയുടെ ഭാഗമാവില്ലെന്ന് പറയാനാവില്ല. സംസ്ഥാനത്തെ ജനതാദളുമായുള്ള ബന്ധം സി പി എമ്മിന്‍റെ ദേശീയ നയത്തിന്‍റെ ഭാഗമാണ്. ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാറിന്‍റെ പ്രസ്‌താവനകള്‍ വ്യക്തിപരമാണ്‌. അത്തരം പ്രസ്‌താവനകളെ കുറിച്ച്‌ പാര്‍ട്ടിയാണ്‌ പ്രതികരിക്കേണ്ടതെന്നും കാരാട്ട്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :