പി ഡി പിക്ക് ഒന്നിനുമാവില്ല: കുഞ്ഞാലിക്കുട്ടി

WEBDUNIA| Last Modified വ്യാഴം, 9 ഏപ്രില്‍ 2009 (15:21 IST)
ബാബ്‌റി മസ്‌ജിദ് തകര്‍ന്നപ്പോള്‍ രംഗത്തെത്തിയ പി ഡി പിയ്ക്ക് മലപ്പുറത്ത് ഇതുവരെ ഒരു പഞ്ചായത്ത് ഭരിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘ജനവിധി 2009’ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയയിരുന്നു അദ്ദേഹം.

പി ഡി പിയ്ക്ക് ലീഗിനെ തൊടാന്‍ പോലും കഴിയില്ല. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് പ്രകാശ് കാരാട്ട് പറയുന്നത് പി ഡി പിയുമായി സി പി എം കൂട്ടുചേര്‍ന്നത് മറയ്ക്കാന്‍ വേണ്ടിയാണ്. നരേന്ദ്ര മോഡി വര്‍ഗീയത ഉപേക്ഷിച്ചെന്നു പറഞ്ഞാല്‍ സി പി എം മോഡിയെ സ്വീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

യു പിയില്‍ വരുണ്‍ ഗാന്ധിയെ ഉപയോഗിച്ച് ബി ജെ പി ചെയ്യുന്നത് കേരളത്തില്‍ മദനിയെ ഉപയോഗിച്ച് സി പി എം ചെയ്യുകയാണ്. മദനിമാരുടെയും വരുണ്‍ ഗാന്ധിമാരുടെയും പ്രസംഗമല്ല നാടിനു വേണ്ടത്.

കേരളത്തില്‍ വര്‍ഗീയതയില്ല. ഗോധ്രയിലെ വര്‍ഗീയ ലഹളയുമായി കേരളത്തിലെ കടപ്പുറത്തുണ്ടാകുന്ന അസ്വാരസ്യങ്ങളെ താരതമ്യപ്പെടുത്തുകയാണ്. നാദാപുരത്തും, കാട്ടൂരിലും പള്ളികളും മദ്രസകളും അക്രമിക്കപ്പെട്ടത് എല്‍ ഡി എഫിന്‍റെ ഭരണകാലത്താണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയില്‍, ന്യൂനപക്ഷങ്ങളെ ശ്രദ്ധിച്ചു തുടങ്ങിയത് യു പി എ സര്‍ക്കാരിന്‍റെ കാലത്താണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇതിന് ഉദാഹരണമാണ്. മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയാണ്. സംസ്ഥാനത്ത് മുസ്ലീം ലീഗ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ മറ്റ് മതത്തില്‍പ്പെട്ടവര്‍ പ്രസിഡന്‍റ് പദവി വഹിക്കുന്നുണ്ട്. പരമ്പരാഗതമായി പേര് മുസ്ലീം ലീഗ് എന്നാണെങ്കിലും, തങ്ങള്‍ സമാധാനത്തിന്‍റെ വക്താക്കളാണെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് യുഡിഎഫ് പി ഡി പിയുമായി ധാരണയൊന്നും ഉണ്ടാക്കിയിട്ടില്ല. ഒരു വേദിയും പങ്കിട്ടിട്ടില്ല. താല്‍ക്കാലികമായുണ്ടാക്കിയ സി പി എം - പി ഡി പി ബന്ധത്തിന് സംസ്ഥാനത്തെ മുസ്ലിം സംഘടനകള്‍ എതിരാണ്. പി ഡി പിയെ വെള്ള പൂശാന്‍ ശ്രമിക്കുന്നതിലൂടെ സി പി എമ്മിന്‍റെ വിശ്വാസ്യതയെ ജനങ്ങള്‍ സംശയിക്കും. ഈ ബാന്ധവം മൂലമുണ്ടാകുന്ന അപകടം മുസ്ലിം സംഘടനകളെയെല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ട്. സീറ്റു കിട്ടാന്‍ വേണ്ടി രാജ്യത്തെയും സമുദായത്തെയുമൊക്കെ നശിപ്പിക്കുന്ന പ്രവണതയ്ക്കാണ് സി പി എം കൂട്ടു നില്‍ക്കുന്നത്. ജനങ്ങളെ മതേതരത്വത്തിന്‍റെ പാതയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ മുസ്ലീം ലീഗ് ശ്രമിക്കുകയാണ് - കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജിം നിക്ഷേപ സംഗമത്തിലൂടെ കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ താന്‍ ഉള്‍പ്പെട്ട യു ഡി എഫ് സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞവരാണ്‍് ഇടതുപക്ഷം. അവരുടെ വരട്ടുതത്വവാദങ്ങള്‍ക്കെതിരെ ചെറുപ്പക്കാര്‍ പ്രതികരിക്കണം. മൂന്നു വര്‍ഷം മുമ്പ് യു ഡി എഫ് ഭരിച്ചപ്പോഴുള്ള വിലവിവരപ്പട്ടിക എല്ലാ നാല്‍ക്കവലകളിലും പതിക്കാനാണ് ഞാന്‍ യു ഡി എഫ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. ഇടത് ഭരണത്തിന്‍റെ പോരായ്മ വ്യക്തമാക്കാന്‍ മറ്റ് പ്രചരണതന്ത്രങ്ങളൊന്നും ആവശ്യമില്ല. ഒരു നിയന്ത്രണവുമില്ലാതെ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് ഇപ്പോള്‍ സംസ്ഥാനം - ലീഗ് ജനറല്‍ സെക്രട്ടറി ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :