നൂറുശതമാനം പിന്തുണ ആര്‍ക്കുമില്ല: കാന്തപുരം

WEBDUNIA| Last Modified വ്യാഴം, 9 ഏപ്രില്‍ 2009 (15:22 IST)
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു മുന്നണിയ്ക്ക് നൂറ് ശതമാനം പിന്തുണയും നല്‍കില്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ അറിയിച്ചു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനും, വ്യവസായ മന്ത്രി എളമരം കരീമുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുന്നികളുടെ പഴയ നിലപാടില്‍ മാറ്റമില്ല. ഒരു പ്രത്യേക വിഭാഗത്തിന് അന്നും ഇന്നും പിന്തുണയില്ല. സുന്നികളുടെ വോട്ട് സുന്നികള്‍ക്ക് മാത്രമേ നല്‍കൂ. പൊന്നാനിയിലെ നിലപാടിനെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ പഴയ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്ക് പൂര്‍ണ്ണമായും പിന്തുണ നല്‍കുന്ന നിലപാട്‌ ഇതുവരെ സ്വീകരിച്ചിട്ടില്ല. അങ്ങോട്ടും ഇങ്ങോട്ടും ആടി നില്‍ക്കുന്ന പ്രസ്ഥാനങ്ങള്‍ ഉണ്‌ടാവാം. എന്നാല്‍ തങ്ങള്‍ക്ക്‌ അത്തരം സമീപനം പറ്റില്ല - എന്നും കാന്തപുരം പറഞ്ഞു.

ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക്‌ പിന്തുണ തേടിയാണ്‌ ആഭ്യന്തരമന്ത്രിയും, വ്യവസായമന്ത്രിയും സുന്നി ആചാര്യനായ കാന്തപുരത്തെ കണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌ അനുകൂലമായ നിലപാടെടുക്കാന്‍ കാന്തപുരത്തോട്‌ അഭ്യര്‍ത്ഥിച്ചതായി കോടിയേരി ബാലകൃഷ്ണന്‍ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറം, വയനാട്‌, പൊന്നാനി മണ്ഡലങ്ങളില്‍ എ പി സുന്നിവിഭാഗത്തിന്‌ നിര്‍ണായക സ്വാധീനമാണ്‌ ഉള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :