ആന്ധ്ര: റെഡ്ഢിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്

ഹൈദരാബാദ്| WEBDUNIA| Last Modified വ്യാഴം, 9 ഏപ്രില്‍ 2009 (15:21 IST)
ആന്ധ്രയില്‍ മുഖ്യമന്ത്രി ഡോ. വൈ എസ് രാജശേഖര റെഡ്ഢിയിലാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ മുഴുവനും. കഴിഞ്ഞ അഞ്ചു വര്‍ഷകാലത്തെ ഭരണത്തിന്‍റെ മികവ് വോട്ടായി മാറിയാല്‍ കോണ്‍ഗ്രസിന് രക്ഷയാണ്. രാജ്യത്ത് കോണ്‍ഗ്രസിന് ഏറ്റവും പ്രതീക്ഷയുള്ള സംസ്ഥാനവും ആന്ധ്രയാണ്. തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുകയാണ് റെഡ്ഢിയുടെ ലക്‍ഷ്യം.

ആന്ധ്രയില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യ എതിരാളി ചന്ദ്രബാബു നായിഡുവാണ്. ചന്ദ്രബാബുവും ഇടതുപാര്‍ട്ടികളും ചേര്‍ന്ന് മഹാകോതാമി എന്നൊരു രാഷ്ട്രീയ സഖ്യം രൂപീകരിച്ചിട്ടുണ്ട്. ടി ഡി പി, ടി ആര്‍ എസ്, സി പി ഐ, സി പി എം എന്നീ നാല് പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന ഈ സഖ്യത്തെ തോല്‍പ്പിക്കുക ശ്രമകരമാണെങ്കിലും വിജയിക്കുമെന്ന് ഉറപ്പിച്ച് ഗോദയിലിറങ്ങിയിരിക്കുകയാണ് വൈ എസ് രാജശേഖര റെഡ്ഢി.

റെഡ്ഢിയുടെ മറ്റൊരു എതിരാളി ‘പ്രജാരാജ്യം’ എന്ന പാര്‍ട്ടി രൂപീകരിച്ച സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയാണ്. എങ്കിലും കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകളില്‍ നല്ലൊരു ശതമാനം ചിരഞ്ജീവിയുടെ പാര്‍ട്ടി സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് റെഡ്ഢി‍.

അതേസമയം, ചിരഞ്ജീവി ഇതുവരെ രാഷ്ട്രീയ ശക്തി തെളിയിച്ചിട്ടില്ല. രാഷ്ട്രീയത്തിലെ കുഞ്ഞന്‍ മാത്രമാണ് ഇപ്പോള്‍ ചിരഞ്ജീവിയുടെ പാര്‍ട്ടി. എന്നാല്‍ ചിരഞ്ജീവി തരംഗം ആന്ധ്രയില്‍ ശക്തിയാര്‍ജ്ജിച്ചെന്നും തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കുമെന്നും മറ്റൊരു വിഭാഗം വിലയിരുത്തുന്നു. ചിരഞ്ജീവിയുടേതായി ഒരു വലിയ വോട്ട് ബാങ്ക് തന്നെ ഉണ്ടെന്നാണ് സംസാരം.

മൊത്തം 294 സീറ്റുകളില്‍ 245 സീറ്റെങ്കിലും നേടി വീണ്ടും സംസ്ഥാനത്ത് താന്‍ തന്നെ അധികാരത്തില്‍ തിരിച്ചു വരുമെന്ന് രാജശേഖര റെഡ്ഢി പ്രഖ്യാപിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് വിമത ശല്യമില്ലാതെ മുഖ്യമന്ത്രി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ച ഏക കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് റെഡ്ഢി.

2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതില്‍ 38.2 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടിയപ്പോള്‍ ടി ഡി പി, സി പി ഐ, സി പി എം, ടി ആര്‍ എസ് കക്ഷികള്‍ എല്ലാംകൂടി നേടിയത് 43.47 ശതമാനം വോട്ടാണ്. ഇതില്‍ നിന്ന് വലിയ മാറ്റമൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി ആര്‍ എസും ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസിന്‍റെ കൂടെയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 294 അംഗ നിയമസഭയില്‍ 185 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ഭരണത്തിലെത്തിയത്. ടി ആര്‍ എസ് 26, സി പി ഐ 6, സി പി എം 7, ടി ഡി പി 45, ബി ജെ പി 2, മറ്റുള്ളവര്‍ 17 എന്നിങ്ങനെയായിരുന്നു മറ്റു പാര്‍ട്ടികളുടെ സീറ്റ് നില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :