ഉക്കാര

WD
ദീപാവലി സമയത്ത് ഉണ്ടാക്കുന്ന പ്രധാന മധുര പലഹാരങ്ങളിലൊന്നാണിത്. മലയാളികള്‍ക്ക് പ്രിയതരമായ അവിലോസ് പൊടിപോലുള്ള തരിരൂപത്തിലുള്ളൊരു പലഹാരമാണിത്. ഇതുണ്ടാക്കാന്‍ ഏറെ പ്രയത്നിക്കേണ്ടി വരും എന്നതിനാല്‍ മിക്കവരും അടുത്തിടെ കടകളില്‍ നിന്ന് വാങ്ങുക പതിവാക്കിയിരിക്കുകയാണിപ്പോള്‍.

ഉണ്ടാക്കാന്‍ ആവശ്യമായ വസ്തുക്കള്‍:

കടലപ്പരിപ്പ് : ഒരു കപ്പ്
തുവരപ്പരിപ്പ് : അര കപ്പ്
ചെറുപ്പരിപ്പ് : അര കപ്പ്
തേങ്ങാ തിരുകിയത് : ഒന്നര കപ്പ്

(തേങ്ങാ ഇടാതെയും ഉണ്ടാക്കാം)

ശര്‍ക്കര : രണ്ട് കപ്പ് (കറുത്ത ശര്‍ക്കരയാണെങ്കില്‍ ഉക്കാര കടും നിറത്തിലുള്ളതായിരിക്കും)
നെയ്യ് : ആവശ്യത്തിന്
ഏലയ്ക്കാ പൊടി : ആവശ്യത്തിന്
വറുത്ത അണ്ടിപ്പരിപ്പ് : ആവശ്യത്തിന് (വേണമെങ്കില്‍ മാത്രം)

ഉണ്ടാക്കുന്ന വിധം

നന്നായി വറുത്ത കടലപ്പരിപ്പ്, തുവരപ്പരിപ്പ് എന്നിവ വെള്ളത്തിലിട്ട് നന്നായി കുതിര്‍ക്കണം. പിന്നീട് ഒരു അരിപ്പയിലിട്ട് വെള്ളം നന്നായി വാര്‍ക്കണം. അതിനു ശേഷം വെള്ളം ചേര്‍ക്കാതെ ഒരുവിധം അരച്ചെടുക്കുക (തീര്‍ത്തും കുഴമ്പ് പരുവത്തിലാവരുത്) .

പിന്നീട് ഈ മിശ്രിതം ഒരു ഇഡ്ഡലി പാത്രത്തിലെ തട്ടുകളില്‍ വച്ച് പത്ത് മിനിട്ടോളം ആവികയറ്റി വേവിച്ചെടുക്കുക. നന്നായി തണുത്ത ശേഷം ഇത് പൊടിക്കുക. ഇതില്‍ നെയ്യ്, ഏലയ്ക്കാ പൊടി എന്നിവ ആവശ്യം അനുസരിച്ച് ചേര്‍ക്കുക.

പിന്നീട് ശര്‍ക്കര നന്നായി വെള്ളത്തില്‍ അലിയിച്ച് അടി ഭാഗം നല്ല കട്ടിയുള്ള ഒരു പരന്ന പാത്രത്തിലോ ഉരുളിയിലോ ചൂടാക്കുക. നന്നായി ചൂടാവുമ്പോള്‍ ഇതില്‍ നേരത്തേ തയാറാക്കി വച്ച മിശ്രിതം ചേര്‍ക്കുക. ഇത് ഒരുവിധം കട്ടിയാവുമ്പോള്‍ തേങ്ങാ തിരുകിയത് ചേര്‍ത്തിളക്കുക. തീ ചെറിയ തോതില്‍ മാത്രമേ ഉണ്ടാകാവൂ.

WEBDUNIA|
നല്ല കട്ടിയുള്ള തവി വച്ച് ആ പാത്രത്തില്‍ തന്നെ വച്ച് ചെറു ചൂടോടെ ഇത് പൊടിച്ചെടുക്കണം. ഇതിന് നല്ല അദ്ധ്വാനം വേണ്ടി വരും. ഒരുവിധം പൊടിഞ്ഞു കഴിഞ്ഞാല്‍ പാത്രം അടുപ്പില്‍ നിന്ന് താഴെയിറക്കി വച്ചും പൊടിക്കാവുന്നതാണ്. ഇതോടെ തരികളും പൊടിയുമായി ഉക്കാര തയാറായി. ചെറു കിണ്ണത്തിലോ മറ്റോ ഇത് വിളമ്പാവുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :