സിന്ധു ചോദിക്കുന്നു “കൂടിയാട്ടത്തെ ശ്രദ്ധിക്കാത്തതെന്തേ?”

ഹണി ആര്‍ കെ

WD
WD
"കൂടിയാട്ടത്തില്‍ പുറപ്പാട് ആയിരിക്കണം അരങ്ങേറ്റമെന്നുണ്ട്. അതിനാല്‍ ഒരു വിജയദശമി ദിവസത്തില്‍ എന്റെയും സോഫിയുടെയും അരങ്ങേറ്റം കലാമണ്ഡലത്തില്‍ വച്ചുതന്നെ നടത്തി. വളരെ അപൂര്‍‌വമായിട്ടായിരുന്നു ഒരേദിവസം ഒരുവേദിയില്‍ രണ്ടുപേരുടെ അരങ്ങേറ്റം നടത്തിയിരുന്നത്. നാലു വര്‍ഷമായിരുന്നു കലാമണ്ഡലത്തിലെ പഠനകാലം. ഡിപ്ലോമ കോഴ്സായിരുന്നു. പിന്നീട് ഒരു വര്‍ഷം പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞു. സോഫിക്ക് ഫസ്റ്റ് ക്ലാസും എനിക്ക് സെക്കന്‍‌ഡ് ക്ലാസുമായിരുന്നു. സാഹിത്യത്തില്‍ ഒരുമാര്‍ക്ക് കുറഞ്ഞതിനാലാണ് എനിക്ക് ഫസ്റ്റ് ക്ലാസ് നഷ്ടപ്പെട്ടത്. സോഫി പക്ഷേ എന്തുകൊണ്ടോ ഈ രംഗത്തു തുടര്‍ന്നില്ല.

കലാമണ്ഡലത്തില്‍ എനിക്ക് ഒരു വര്‍ഷം കൂടുതല്‍ പഠിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അവതരണകല അഭ്യസിച്ചവരില്‍ നിന്ന് ഓരോ ആളെ തിരഞ്ഞെടുത്ത് പ്രത്യേകം പരിശീലനം നല്‍‌കുന്ന പദ്ധതിയായിരുന്നു അത്. കൂടിയാട്ടത്തില്‍ എന്നെയാണ് തിരഞ്ഞെടുത്തത്."

സിന്ധുവിനെ കേള്‍ക്കവേ, അധികം പഴക്കമില്ലാത്ത ചില പത്രവാര്‍ത്തകള്‍ കലാമണ്ഡലത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ചോദിക്കാന്‍ പ്രേരിപ്പിച്ചു.

"ഇന്നത്തേക്കാള്‍ നല്ല അവസ്ഥയായിരുന്നു ഞങ്ങള്‍പഠിച്ചുകൊണ്ടിരുന്നപ്പോള്‍. ഒരു യഥാര്‍ഥ കലാകാരിയായാണ് കലാമണ്ഡലത്തില്‍ നിന്ന് പഠിച്ചിറങ്ങുന്നത്. അടിസ്ഥാനകാര്യങ്ങള്‍ നന്നായി പഠിച്ചിറങ്ങുന്നതിന്റെ ചിട്ടയും വൃത്തിയും ഒന്നു വേറെ തന്നെയാണ്. കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങുന്നവരെ മറ്റുള്ളവര്‍ക്ക് പുച്ഛമാണ്. പക്ഷേ ഒരവസരം വരുമ്പോള്‍ അവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയവരെ മാത്രം പരിഗണിക്കും. അതില്‍ നിന്ന് മനസ്സിലാക്കാമല്ലോ കലാമണ്ഡലത്തില്‍ പഠിച്ചവര്‍ക്ക് കിട്ടുന്ന പരിശീലനമികവ്. വളരെ വാത്സല്യത്തോടെയാണ് ഗുരുനാഥര്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ഈ കലയോട് ഇഷ്ടം തോ‍ന്നിയതും ഇത് തുടര്‍ന്ന് കൊണ്ടുപൊകാന്‍ സാധിക്കുന്നതും ഞങ്ങളോടുള്ള അവരുടെ സ്നേഹവാത്സല്യസമീപനവും ആത്മാര്‍ഥതയും കൊണ്ടുതന്നെയാണ്."

കലാമണ്ഡലത്തിലെ പഠനത്തിനു ശേഷം എന്തുചെയ്തു? സംഭാഷണത്തിനിടയില്‍ ചെറിയ ഔപചാരികത കയറിവന്നു.

"കലാമണ്ഡലത്തില്‍ നിന്നിറങ്ങിയതിനു ശേഷം എന്തുചെയ്യണമെന്നറിയില്ലായിരുന്നു. ഉഷാ നങ്ങ്യാരുടെ അടുത്ത് ഇടയ്ക്ക് പോകും. വല്ലപ്പോഴും ഉഷ ചേച്ചിയോടൊപ്പം പ്രോഗ്രാമുണ്ടാകും. ഉഷ ചേച്ചിയുടെ കീഴില്‍ നങ്ങ്യാര്‍കൂത്ത് പഠിക്കാന്‍ 2002ല്‍ കേന്ദ്ര സര്ക്കാരിന്റെ ഫെല്ലോഷിപ്പ് കിട്ടി. അതിനു ശേഷം ചേച്ചിയുടെ വീട്ടില്‍ താമസിച്ചുതന്നെയായിരുന്നു പഠനം. 217 ശ്ലോകങ്ങളുള്ള ശ്രീകൃഷ്ണചരിതം കഥ വിശദമായി പഠിക്കാന്‍ പറ്റി. 50 ശ്ലോകങ്ങള്‍ ശരിക്കും പഠിച്ചു. 75ലധികം ശ്ലോകങ്ങള്‍ അറിയാം. കേന്ദ്രസര്‍ക്കാരിന്റെ ഫെല്ലോഷിപ്പ് കിട്ടിയതും ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍ പുരസ്കാരം ലഭിച്ചതും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

നങ്ങ്യാര്‍കൂത്ത് കലാമണ്ഡലത്തില്‍ നിന്ന് പഠിച്ചിരുന്നെങ്കിലും ഉഷ ചേച്ചിയുടെ അടുത്തു നിന്നാണ് വിശദമായി പഠിക്കാന്‍ സാധിച്ചത്. ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ആവശ്യമായ മുഴുവന്‍ കാര്യങ്ങളും ഉഷചേച്ചിയുടെ അടുത്തുള്ള പഠനം കൊണ്ടാണ് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിച്ചത്. എന്നോട് ചേച്ചിക്ക് നല്ല സ്നേഹമായിരുന്നു. അതുകൊണ്ട് എല്ലാവശങ്ങളും മനസ്സിലാക്കിത്തന്നിരുന്നു. ഉഷചേച്ചിയുടെ നങ്ങ്യാര്‍കൂത്ത് അരങ്ങുകള്‍ കുറേ കണ്ടിട്ടുണ്ട്. അതും എന്നിലെ കലാകാരിക്ക് ഗുണം ചെയ്തു. നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കാന്‍ ധൈര്യം വന്നതും അതുകൊണ്ടാണ്.

ചേച്ചിയുടെ അടുത്ത് പഠനം നടത്തുന്നതിനു മുമ്പ് ഒരു സ്കൂളില്‍ നൃത്താധ്യാപികയായിരുന്നു. കലാമണ്ഡലത്തില്‍ നൃത്തവും പഠിപ്പിച്ചിരുന്നു. നൃത്താധ്യാപികയായി ജോലിനോക്കുന്നതിനിടയില് കലാമണ്ഡലത്തില്‍ താത്കാലിക ഒഴിവുവന്നു. പഠിച്ച വിദ്യാലയത്തില്‍ അധ്യാപികയാകുക എന്നത് ഏതൊരാളുടെയും ആഗ്രഹമാണല്ലോ. അതിനാല്‍ അവിടെ പോകാന്‍ തുടങ്ങി. രണ്ടാംവര്‍ഷം എന്നെ വിളിച്ചിരുന്നില്ല. വേറൊരാള്‍ക്ക് ആ ജോലി കിട്ടി. എവിടെയും ശുപാര്‍ശകള്‍ക്ക് സ്ഥാനമുണ്ടല്ലോ?"

WEBDUNIA|
"കലാമണ്ഡലത്തില്‍ നിന്നിറങ്ങിയപ്പോള്‍ നല്ല സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് പൈങ്കുളം ചാക്യാര്‍ സ്മാരകവിദ്യാലയത്തില്‍ അധ്യാപികയാകാന്‍ ക്ഷണം ലഭിച്ചത്. ആ ക്ഷണം സ്വീകരിച്ചു. അവിടെ അധ്യാപികയായി. യുവജനോത്സവത്തില്‍ വിദ്യാര്‍ഥികളെ കൂടിയാട്ടം പഠിപ്പിക്കലായിരുന്നു ജോലി. ഒട്ടും താത്പര്യമില്ലാതിരുന്ന ജോലിയായിരുന്നു അത്. കാരണം കുട്ടികളെ മത്സരത്തിനു വേണ്ടിമാത്രം ഒരു പാക്കേജായി കൂടിയാട്ടം പഠിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു. വളരെ ദൈര്‍ഘ്യമുള്ള കല എഡിറ്റ് ചെയ്തു പഠിപ്പിക്കുക എന്നു പറഞ്ഞാല്‍ തന്നെ ബുദ്ധിമുട്ടല്ലേ. നല്ല പ്രതിഭയുള്ളതുകൊണ്ടു കുട്ടികള്‍ നന്നായി അവതരിപ്പിച്ചേക്കും. പക്ഷേ മത്സരം കഴിഞ്ഞാല്‍ പിന്നീട് അതിന് പ്രസക്തിയില്ലാതാകും. ഒരു വര്‍ഷം വെറുതെ പോയെന്നു പറഞ്ഞാല്‍ മതിയല്ലോ. സാമ്പത്തികലാഭം ഉണ്ടാകും നമ്മള്‍ നേരിട്ട് ഏറ്റെടുക്കുകയാണെങ്കില്‍. മറ്റൊരാളുടെ കീഴിലാകുമ്പോള്‍ അതുമില്ല. അതുകൊണ്ട് അത് നിര്‍ത്തി" - സിന്ധുവിന്റെ വാക്കുകളില്‍ നിരാശ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :