ശോഭാ ജോണിന് സമയമില്ല, അറസ്റ്റ് ചെയ്യാന്‍ പൊലീസ്!

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
ചോദ്യം ചെയ്യാനായി സ്റ്റേഷനിലെത്തണമെന്ന് പൊലീസുകാര്‍ പറഞ്ഞാല്‍ അത് വെള്ളം തൊടാതെ അനുസരിക്കണമെങ്കില്‍ വേറെ ആളെ നോക്കണം. നമുക്ക് നമ്മുടേതായ സമയമുണ്ട്. സമയവും സാഹചര്യവും ഒത്തുവന്നാല്‍, ചെല്ലണമെന്ന് തോന്നിയാല്‍ നമ്മള്‍ ചെല്ലും. ഈ മനോഭാവം അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റേതല്ല. കേരളത്തിന്‍റെ സ്വന്തം ‘വനിതാഗുണ്ട’ ശോഭാ ജോണിന്‍റേതാണ്!

പറവൂര്‍ പെണ്‍‌വാണിഭക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് ശോഭാ ജോണിനെ അറിയിച്ചിരുന്നു. എന്നാല്‍ ആ അറിയിപ്പ് അവഗണനയോടെ തള്ളിക്കളയുകയായിരുന്നു ശോഭാ ജോണ്‍. അവര്‍ ഹാജരായില്ല. കാരണം അന്വേഷിച്ചപ്പോള്‍ ‘സമയമുണ്ടായില്ല’ എന്നായിരുന്നുവത്രെ മറുപടി!

ഉടന്‍ തന്നെ ഹാജരാകണമെന്ന് ശോഭാ ജോണിനോട് ക്രൈംബ്രാഞ്ച് വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. അത് അനുസരിക്കുമെന്ന വിശ്വാസം പൊലീസിന് പോലുമില്ല. അപ്പോള്‍ പിന്നെ അറസ്റ്റ് എന്ന കടുത്ത നടപടിയിലേക്ക് പൊലീസ് നീങ്ങുമെന്നാണ് സൂചന.

കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ തന്ത്രിക്കേസിലെ പ്രധാന പ്രതിയായ ശോഭാ ജോണിന് പറവൂര്‍ പെണ്‍‌വാണിഭവുമായി ബന്ധമുണ്ടെന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അവരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നത്. പറവൂരിലെ പെണ്‍കുട്ടിയെ അന്യസംസ്ഥാനക്കാരായ പൊലീസുകാര്‍ക്ക് എത്തിച്ചു കൊടുത്തതില്‍ ശോഭയ്ക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.

ശോഭാ ജോണിന്‍റെ പേരില്‍ വ്യാജരേഖ ചമയ്‌ക്കല്‍ മുതല്‍ കൊലപാതകക്കേസുവരെയുണ്ട്. ഐ പി എസ് ഉദ്യോഗസ്ഥരുമായുള്ള ചങ്ങാത്തമാണ് ശോഭയുടെ ബിസിനസ്സുകള്‍ വളരാന്‍ സഹായകരമായി പ്രവര്‍ത്തിച്ചതെന്ന് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. പക്ഷെ കുറ്റക്കാരാ‍യ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ പ്രാഥമിക അന്വേഷണം പോലും നടന്നില്ല.

ഗുണ്ടാ നേതാവ് ആല്‍ത്തറ വിനീഷ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുമ്പ് ശോഭാ ജോണ്‍ അറസ്റ്റിലായിരുന്നു. ആല്‍ത്തറ വിനീഷ് വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ശോഭാ ജോണിനെ അറസ്റ്റു ചെയ്തത്. രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യമായിരുന്നു വിനീഷിന്‍റെ കൊലപാതകത്തില്‍ കലാശിച്ചത്.

സംസ്ഥാനത്തെ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘങ്ങളുമായും ഗുണ്ടാ നേതാക്കളുമായും ശോഭാ ജോണിന് ബന്ധമുണ്ടെന്നാണ് സൂചന. എന്തായാലും ശോഭാ ജോണും ഉള്‍പ്പെട്ടതായി സൂചന ലഭിച്ചതോടെ പറവൂര്‍ പെണ്‍‌വാണിഭക്കേസ് വഴിത്തിരിവിലെത്തിയിരിക്കുകയാ‍ണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :