വെള്ളവസ്ത്രം ധരിച്ചതും താടിവച്ചതും യേശുദാസിനെ അനുകരിച്ചല്ല!

WEBDUNIA|
PRO
യേശുദാസിനെ അനുകരിച്ച് രൂപഭാവങ്ങളും ശബ്ദവും രൂപപ്പെടുത്തിയ ഗായകന്‍ എന്ന് കെ ജി മാര്‍ക്കോസിനെക്കുറിച്ച് പണ്ടേയുള്ള ആരോപണമാണ്. യേശുദാസ് ധരിക്കുന്നതുപോലെ വെള്ളവസ്ത്രവും വെള്ള നിറമുള്ള വാച്ചും ഷൂവും, യേശുദാസിന്‍റെ താടിപോലെ താടിയുമൊക്കെ വച്ച് അദ്ദേഹത്തേപ്പോലെ പാടാന്‍ ശ്രമിക്കുന്നയാളെന്നാണ് ആരോപണം. മാര്‍ക്കോസ് ഗായകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായതുമുതല്‍ ഈ ആരോപണമുണ്ട്.

അടുത്തിടെ ‘ഇനി എന്‍റെ വെള്ളത്താടി കൃത്രിമമായി കറുപ്പിക്കുന്നില്ല’ എന്ന് യേശുദാസ് പ്രഖ്യാപിച്ചിരുന്നു. “എന്‍റെ വെള്ളവസ്ത്രത്തെയും താടിയെയും അനുകരിച്ചിരുന്നവര്‍ എന്‍റെ നരയെ അനുകരിക്കരുത് എന്നൊരു അപേക്ഷയുണ്ട്” എന്ന് ഒരു അഭിമുഖത്തില്‍ യേശുദാസ് പറയുകയും ചെയ്തിരുന്നു. എന്തായാലും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കും യേശുദാസിന്‍റെ പ്രസ്താവനകള്‍ക്കും എതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് മാര്‍ക്കോസ് രംഗത്തെത്തി.

മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മാര്‍ക്കോസ് യേശുദാസിനെതിരെ രംഗത്തെത്തിയത്. “യേശുദാസിനെയല്ല, സ്വന്തം പിതാവിനെ അനുകരിച്ചാണ് ഞാന്‍ വെള്ളവസ്ത്രം ധരിക്കുന്നത്. എന്‍റെ പിതാവ് ഡോക്ടറായിരുന്നു. അന്നത്തെ കാലത്ത് ഡോക്ടര്‍മാരും അറ്റന്‍ഡര്‍മാരും ടാക്സി ഡ്രൈവര്‍മാര്‍ പോലും വെള്ളവസ്ത്രമാണ് ധരിച്ചിരുന്നത്. ഇവരൊക്കെ യേശുദാസിനെ കണ്ടാണോ വെള്ളവസ്ത്രം ധരിച്ചത്?” - മാര്‍ക്കോസ് ചോദിക്കുന്നു.

“ഗായകര്‍ അമ്പതുവയസു കഴിഞ്ഞാല്‍ എന്തായാലും പ്രകൃതി ഇടപെട്ട് നരപ്പിക്കും. പക്ഷേ നരയ്ക്കാന്‍ പാടില്ലല്ലോ. നരച്ചാല്‍ അതും യേശുദാസിനെ അനുകരിക്കലാകും. ഇതിനൊരു മരുന്ന് യേശുദാസ് തന്നെ നിര്‍ദ്ദേശിക്കണം” - മാര്‍ക്കോസ് ആവശ്യപ്പെടുന്നു.

തന്‍റെ കവിളുകള്‍ ഒട്ടിയതായതുകൊണ്ടാണ് താടിവച്ചതെന്നും അല്ലാതെ യേശുദാസിനെ കണ്ട് ചെയ്തതല്ലെന്നും മാര്‍ക്കോസ് വ്യക്തമാക്കുന്നു.

ചിത്രത്തിന്‍് കടപ്പാ‍ട് - വെബ് ഇന്ത്യ 123


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :