ലാലും മമ്മുക്കയും കമലിനോട് മാപ്പുപറയും!

ഉല്ലാസ് കുമാര്‍

WEBDUNIA| Last Modified ചൊവ്വ, 31 ഓഗസ്റ്റ് 2010 (14:22 IST)
PRO
അഭിനയജീവിതത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ കമലാഹാസനെ കേരള സര്‍ക്കാര്‍ ആദരിച്ച ചടങ്ങില്‍ പങ്കെടുക്കാതിരുന്ന അമ്മയിലെ അംഗങ്ങള്‍ അങ്കലാപ്പിലും പശ്ചാത്താപത്തിലുമാണെന്ന് റിപ്പോര്‍ട്ട്. ചടങ്ങ് സംഘടിപ്പിച്ച സാംസ്കാരിക വകുപ്പ് തങ്ങളെ വേണ്ടവിധത്തില്‍ അറിയിക്കാതിരുന്നതാണ് അമ്മയിലെ അംഗങ്ങള്‍ പരിപാടി ബഹിഷ്കരിക്കാന്‍ കാരണമായതെന്നാണ് അമ്മയുടെ ഭാരവാഹികള്‍ ഇപ്പോള്‍ പറയുന്നത്. കമലാഹാസന് ഉണ്ടായ തെറ്റിദ്ധാരണയും വിഷമവും മാറ്റാന്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് മാപ്പുപറയാനും സംഘടന തയ്യാറെടുക്കുകയാണെത്രെ!

താന്‍ ജീവന് തുല്യം സ്നേഹിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട താരങ്ങള്‍ തന്നെ ആദരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാതിരുന്നതില്‍ കമലാഹാസന് വിഷമം ഉണ്ടായിരുന്നു. ചടങ്ങില്‍ പ്രസംഗിച്ച മുഖ്യമന്ത്രി അച്യുതാനന്ദനും താരസംഘടനയായ അമ്മയിലെ അംഗങ്ങളെ വിമര്‍ശിക്കുകയുണ്ടായി. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ ചടങ്ങിന് എത്തിയില്ലെങ്കിലും കമലാഹാസനെ ഒരുനോക്കുകാണാന്‍ ജനസമുദ്രമാണ് തിരുവനന്തപുരത്ത് വന്നുചേര്‍ന്നത്.

രാഷ്‌ട്രീയക്കാരനായ ഭാരവാഹിയാണെത്രെ ചടങ്ങ്‌ ബഹിഷ്‌കരിക്കണമെന്ന് ശക്‌തമായി വാദിച്ചത്‌. മുമ്പ് സര്‍ക്കാരിനു വേണ്ടി ലോട്ടറി വില്‍ക്കാന്‍ ഇറങ്ങിയപ്പോഴും തെരഞ്ഞെടുപ്പില്‍ വിഎസ്‌ അച്യുതാനന്ദന്‍ ഉള്‍പ്പെടെയുളളവര്‍ക്കു വേണ്ടി അമ്മയിലെ പ്രമുഖര്‍ പരസ്യമായി നിലപാട്‌ സ്വീകരിച്ചിട്ടും ഇടതുപക്ഷ സര്‍ക്കാര്‍ മലയാളസിനിമയ്‌ക്ക് ഗുണകരമാകുന്ന തീരുമാനങ്ങള്‍ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം അമ്മയിലെ അംഗങ്ങളെ ചടങ്ങ് ബഹിഷ്കരിക്കാന്‍ പ്രേരിപ്പിച്ചതെത്രെ.

മലയാളി താരങ്ങളെ തമിഴ്‌നാട്ടില്‍ ആദരിക്കാറില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് അഭിപ്രായപ്പെടുകയുണ്ടായി. ഇടത്‌ ആഭിമുഖ്യമുള്ള കൈരളി ചാനല്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് പണമുണ്ടാക്കാന്‍ മലയാള സിനിമയിലെ താരങ്ങള്‍ പങ്കെടുക്കേണ്ട കാര്യമില്ലെന്ന് മറ്റൊരു വാദവും ഉയര്‍ന്നു. അമ്മയിലെ ഭൂരിഭാഗം അംഗങ്ങളും ഇതിനോട് യോജിച്ചപ്പോള്‍ സൂപ്പര്‍താരങ്ങള്‍ അടക്കമുള്ളവര്‍ ഇതിനു വഴങ്ങുകയായിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ തങ്ങള്‍ ഇല്ലെങ്കിലും കമലാഹാസനെ ആദരിച്ച പരിപാടി ഗംഭീരമായി എന്ന നഗ്നസത്യം ഇപ്പോള്‍ സൂപ്പര്‍‌താരങ്ങളെയും വേട്ടയാടുകയാണ്.

കമലാഹാസനെ ആദരിക്കുന്ന പരിപാടി ബഹിഷ്കരിച്ചതിലൂടെ അമ്മയുടെ പ്രതിച്ഛായ നഷ്‌ടപ്പെട്ടു എന്ന് താരങ്ങള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളും ജനങ്ങളും സൂപ്പര്‍‌താരങ്ങള്‍ അടക്കമുള്ള മലയാളി താരങ്ങളെയും അമ്മയെയും രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. സംഘടനയ്ക്കുള്ളിലും ഇപ്പോള്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിരിക്കുകയാണ്. കമലഹാസനുണ്ടായ തെറ്റിദ്ധാരണ മാറാന്‍ ഒരു ഫോണ്‍കോളിന്റെ കാര്യമേയുളളുവെന്നാണ് ഇപ്പോള്‍ അമ്മയുടെ ഭാരവാഹികള്‍ പറയുന്നതെത്രെ. എന്തായാലും മാപ്പുപറയാന്‍ അമ്മ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു എന്ന് സാരം. കമലാഹാസനെതിരേയുളള അമ്മയുടെ നിലപാടില്‍ സംഘടനയ്‌ക്കുളളിലും പുറത്തും ഉയര്‍ന്നിരിക്കുന്ന എതിര്‍പ്പുകള്‍ ഇല്ലാതാക്കന്‍ വേറെ വഴിയില്ല എന്നതാണ് സത്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :