മോഡിയുടെ ചിരി നിലനില്‍ക്കുമോ?

ടിപിസികെ

narendara modi
WEBDUNIA|
PRO
PRO
മോഡി ഇപ്പോള്‍ ചിരിക്കുകയാണ്. വിമര്‍ശകരെ നോക്കി. നരേന്ദ്ര മോഡിയുടെ ജനപിന്തുണയുടെ അഗ്നിപരീക്ഷ എന്നൊക്കെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് കുതിക്കുന്ന തന്റെ പാര്‍ട്ടിയുടെ നഷ്ട പ്രതാപം വീണ്ടെടുത്തതിന് രാഷ്ട്രീയ നേതാവും മുഖ്യമന്ത്രിയും എന്ന നിലയില്‍ മോഡിക്ക് അഭിമാനിക്കാം.

പക്ഷേ, ആലിപ്പഴം പോലെ വീണുകിട്ടിയതാണോ ഈ വിജയം? അല്ല എങ്കില്‍ ആധികാരികമായ ഇത്തരം വിജയം ഇനിയും മോഡിയിലൂടെ ബിജെപിക്ക് നേടിയെടുക്കാന്‍ സാധിക്കുമോ? അങ്ങിനെയെങ്കില്‍ മോഡിയെ ഭാവി പ്രധാനമന്ത്രിയായി അവരോധിക്കാന്‍ സാധ്യതയില്ലേ? ഇതൊക്കെ ഈ അവസരത്തില്‍ ന്യായമായി ഉയരുന്ന ചോദ്യങ്ങളാണ്.

ഗുജറാത്തില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന ഏഴ് സീറ്റില്‍ അഞ്ചും ബിജെപി സ്വന്തമാക്കി. ഇത് കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്ത സീറ്റുകളാണെന്ന് തിരിച്ചറിയുമ്പോള്‍ വിജയത്തിന്റെ ആധികാരികത കൂടുകയാണ്. കഴിഞ്ഞ തവണ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളും കോണ്‍ഗ്രസിന്റേതായിരുന്നു എന്നു കൂടി മനസ്സിലാവുമ്പോള്‍ കോണ്‍ഗ്രസിന്റെ നഷ്ടത്തിന്റെ ആഴവും മനസ്സിലാവും.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പോടെ ഇന്ത്യയില്‍ പുത്തനൊരു തരംഗം സൃഷ്ടിച്ച് അധികാരത്തിലേറിയ രണ്ടാം യുപി‌എ സര്‍ക്കാര്‍ ഗുജറാത്തില്‍ ബിജെപിക്ക് ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചു കാണില്ല. പ്രത്യേകിച്ച് ബിജെപി അതിന്റെ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെ നേരിടുന്ന ഈ അവസരത്തില്‍.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റ കനത്ത പരാജയത്തിന്റെ കാരണം മോഡിയെ ചിലര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയതാണെന്ന് ബാല്‍ ആപ്തെ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍, ഇത് മോഡിക്കെതിരെ എതിര്‍ കക്ഷികള്‍ നടത്തുന്ന ആരോപണം പോലെയേ പലര്‍ക്കും തോന്നിയുള്ളൂ. കാരണം, ആ സമയത്ത്, അടിച്ചേല്‍പ്പിക്കപ്പെട്ടതോ സ്വയം എടുത്തണിഞ്ഞതോ ആയ തീവ്രഹിന്ദു പക്ഷക്കാരന്റെ ഇമേജുള്ള ഈ നേതാവിനെക്കാളും ബിജെപിയിലെ തന്നെ മറ്റു പലര്‍ക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് കൂടുതല്‍ അര്‍ഹതയുണ്ട് എന്നത് പകല്‍ പോലെ വ്യക്തമായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഗുജറാത്തിലെ മൊത്തം 26 സീറ്റില്‍ 24 എണ്ണത്തിലും വിജയം നേടാമെന്ന് നരേന്ദ്ര മോഡി കണക്കു കൂട്ടിയിരുന്നു. എന്നാല്‍, വെറും 15 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് തിരയില്‍ ഒലിച്ചു പോവാതെ പിടിച്ചു നിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞത്. ഇതോടെ മോഡിയുടെ മൂക്ക് കയര്‍ ഒന്നു കൂടി മുറുക്കാന്‍ വിമര്‍ശകര്‍ക്ക് സാധിച്ചു, മോഡിയുടെ രാഷ്ട്രീയ ഭാവിയെ പങ്കിലമാക്കുന്ന കലാപത്തിന്റെ രക്തക്കറ മാഞ്ഞു പോവാന്‍ അനുവദിക്കാതെ സൂക്ഷിച്ചതുപോലെ.

ജുനാഗഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പും മോഡിയുടെ ഇമേജിന്റെ പ്രശ്നമായി. മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ബിജെപി സമ്പൂര്‍ണ്ണ പരാജയമായിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയിലെ ഉള്‍പ്പോരുകള്‍ മറനീക്കി പുറത്ത് വന്നപ്പോള്‍ മോഡിയും ഗുജറാത്തും വിഷയമല്ലാതായി മാറി. പാര്‍ട്ടിയുടെ മുഖ്യ വിഷയം ജിന്നയും പാകിസ്ഥാനുമാക്കി മാറ്റാന്‍ ജസ്വന്ത് സിംഗിന് സാധിച്ചു. ജസ്വന്തും അദ്വാനിയുടെ ഉപദേഷ്ടാവും അടക്കമുള്ള പ്രമുഖര്‍ പുറത്ത് പോവുകയും യശ്വന്ത് സിന്‍‌ഹയെ പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ വിമുഖതയോടെ തുടരുകയും ചെയ്യുന്ന സമയത്താണ് ഗുജറാത്തില്‍ വീണ്ടും മോഡി അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്.

ജസ്വന്ത് സിംഗിനെ പുറത്താക്കി മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും ഗുജറാ‍ത്തില്‍ പഴയ സഹചാരിയുടെ പുസ്തകം മോഡി സര്‍ക്കാര്‍ നിരോധിച്ചു. ഇത് പുസ്തകത്തോടുള്ള വിപ്രതിപത്തികൊണ്ടായിരുന്നില്ല എന്ന് വ്യക്തം. പാര്‍ട്ടിയോടുള്ള ഐക്യമത്യം പ്രഖ്യാപിക്കാന്‍ കാത്തിരിക്കാനാവില്ല എന്നായിരിക്കാം നിരോധനത്തിലൂടെ മോഡി വ്യക്തമാക്കിയത്.

പാര്‍ട്ടിയിലെ പ്രതിസന്ധികള്‍ പുകഞ്ഞു തീരാത്ത അവസരത്തില്‍ ബിജെപിക്ക് സമ്മാനിച്ച വന്‍ വിജയം മോഡിയുടെ മാര്‍ക്ക് കൂട്ടി എന്നുറപ്പ്. വിപരീത സാഹചര്യത്തിലെ വിജയം മോഡിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിലേക്കുള്ള ചവിട്ടുപടി ആയിക്കൂടെന്നുമില്ല. പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന സാഹചര്യവും അതിനെ ന്യായീകരിക്കുന്നു. അങ്ങിനെയെങ്കില്‍, തന്റെ രാഷ്ട്രീയ പ്രതിച്ഛായയില്‍ കടുത്ത ഹിന്ദുത്വവാദം ഏല്‍പ്പിച്ച മുറിവുകള്‍ ഉണക്കാനായിരിക്കും ഇനി മോഡിയുടെ ശ്രമം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :