ബാബാ രാംദേവിനെ സാധാരണ ജനതയ്ക്ക് വേണ്ട!

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
PRO
രാജ്യത്തെ പണക്കാരുടെയും മിഡില്‍ ക്ലാസ് ജനതയുടെയും വികാരം ഇളക്കാന്‍ രാംദേവിനും അണ്ണാ ഹസാരയ്ക്കും കഴിഞ്ഞിട്ടുണ്ടെങ്കിലും അഴിമതിക്ക് എതിരെയുള്ള ഇവരുടെ സമരം രാജ്യത്തെ സാധാരണക്കാര്‍ പാടെ അവഗണിച്ചിരിക്കുകയാണ്. ദല്‍‌ഹിയിലെ ‘രാം ലീലാ’ മൈതാനത്ത് യോഗാഗുരു രാംദേവ് നടത്തിയ അഴിമതി നിരോധന സമരത്തെ പറ്റിയും അര്‍ദ്ധരാത്രിയിലെ അറസ്റ്റിനെ പറ്റിയും മാധ്യമങ്ങള്‍ (പ്രത്യേകിച്ചും ഇംഗ്ലീഷ് മാധ്യമങ്ങള്‍) വെണ്ടയ്ക്ക നിരത്തിയെങ്കിലും ഇന്ത്യയിലെ സാധാരണക്കാര്‍ ഇതിനോട് പ്രതികരിക്കുകയുണ്ടായില്ല. സത്യത്തില്‍ രാം ദേവിനെ അപഹാസ്യ കഥാപാത്രമായിട്ടാണ് സാധാരണക്കാര്‍ കണ്ടത്. സംഘപരിവാര്‍ സംഘടനകള്‍ അവിടവിടെ ചെറിയ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചെങ്കിലും രാം‌ദേവിനെ ഏറ്റെടുക്കാന്‍ സാധാരണക്കാര്‍ തയ്യാറായിട്ടില്ല.

ഏറ്റവും പുതിയ വാര്‍ത്തയനുസരിച്ച് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനും ദല്‍‌ഹി പൊലീസിനും ബാബാ രാംദേവ് മാപ്പ് കൊടുത്തിരിക്കുകയാണ്. മഹാത്മാഗാന്ധിയോടും വിവേകാനന്ദനോടും ചില ‘നിക്ഷിപ്ത താല്‍‌പര്യക്കാര്‍’ ഉപമിച്ച ബാബാ രാംദേവ് പൊലീസിന്റെ പിടിയില്‍ പെടാതിരിക്കാന്‍ സ്ത്രീവേഷം കെട്ടി ഒളിച്ച കഥയറിയുന്ന പൊതുജനം ഈ ‘മാപ്പ് നാടകം’ കണ്ട് ചിരിക്കുകയാണ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗാണ് കിട്ടിയ അവസരം ശരിക്കും ഉപയോഗപ്പെടുത്തിയത്. ബാബാ രാംദേവിനെ ‘കച്ചവടക്കാരന്‍’ എന്നും ‘ഗുണ്ട’ എന്നും കക്ഷി പേരിട്ടുകഴിഞ്ഞു. ബാബയുടെ അനുയായികള്‍ അതിനെതിരെ വന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചെങ്കിലും കപടരായ പല ആത്മീയ ഗുരുക്കളെ കണ്ട് മനം മടുത്തുപോയിരിക്കുന്ന പൊതുജനം അപ്പോഴും അനങ്ങിയില്ല.

പലപ്പോഴും ആത്മീയ ഗുരുക്കന്മാരുടെ ക്ലാസുകളില്‍ സംബന്ധിക്കാന്‍ എത്തുന്നത് ‘ആത്മീയ ദാരിദ്ര്യം’ അനുഭവപ്പെടുന്ന പണക്കാരും മധ്യവര്‍ഗവുമാണ്. കോടിക്കണക്കിന് വരുന്ന ഇന്ത്യയിലെ ദരിദ്ര ജനതയ്ക്ക് ഈ വക ആഡംബരങ്ങള്‍ ‘അഫോര്‍ഡ്’ ചെയ്യാന്‍ പറ്റാറില്ല. നാട്ടിലെ അമ്പലവും പള്ളിയും മോസ്കുമൊക്കെയായി അവര്‍ അവരുടെ ആത്മീയ ദാരിദ്ര്യം മാറ്റുന്നു. അതുകൊണ്ട് തന്നെ, തങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ ഒരിക്കലും ഒരുസമയത്തും ഇടപെടാത്ത രാം‌ദേവിന്റെ അഴിമതി വിരുദ്ധ സമരത്തില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെന്ന് അവര്‍ക്ക് തോന്നിയിട്ടുമില്ല.

പാടത്തും ഫാക്‌ടറികളും മറ്റും വിയര്‍പ്പൊഴുക്കുന്ന സാധാരണ ഇന്ത്യന്‍ ജനതയോട് ചോദിച്ചു നോക്കൂ. ഒരു സാധാരണ ചായക്കടയില്‍ കണ്ടുമുട്ടുന്ന സാധാരണക്കാരനോട് ചോദിച്ചുനോക്കൂ. അപ്പോഴറിയാം രാംദേവിന്റെ സമരം ‘ഗ്രാസ് റൂട്ട് ലെവലി’നെ സ്പര്‍ശിച്ചിട്ടേയില്ല എന്ന്. ഈ സാധാരണ ജനതയാണ് ഇന്ത്യയുടെ ജനാധിപത്യത്തെ മുന്നോട്ട് നയിക്കുന്നത്. അല്ലാതെ, വന്‍ തുകയൊടുക്കി, ശീതീകരിച്ച ഹാളില്‍ ഇരുന്ന് യോഗ ചെയ്യുന്ന പണക്കാരല്ല, ആത്മീയ പ്രഭാഷണം കേള്‍ക്കുന്ന ‘വേദനിക്കുന്ന കോടീശ്വരന്മാരും’ അല്ല. പലര്‍ക്കും മനസിലായിട്ടില്ലെങ്കിലും ബാബാ രാംദേവിന് ഇക്കാര്യം മനസിലായിട്ടുണ്ടെന്ന് തോന്നു. അതാണല്ലോ തന്റെ ഭാഗത്തു നിന്നുള്ള പിഴവുകള്‍ക്കു മാപ്പു ചോദിക്കുന്നതായും സര്‍ക്കാര്‍ സമീപിക്കുകയാണെങ്കില്‍ ചര്‍ച്ചയ്ക്ക്‌ ഇനിയും തയാറാണെന്നും ബാബാ രാംദേവ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :