പണമൊഴുകുന്ന പ്രതിരോധം

ന്യൂഡല്‍ഹി| WEBDUNIA|
PRO
കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യത്തെ സൈനികമേഖലയെ നവീകരിക്കാന്‍ നമ്മുടെ ഖജനാവില്‍ നിന്ന് ചെലവാക്കിയ തുക കേട്ടു ഞെട്ടരുത്. 1,40,000 കോടി രൂപ. ഇതിന് മുമ്പുള്ള അഞ്ച് വര്‍ഷക്കാലയളവില്‍ ചിലവാക്കിയതിന്‍റെ ഇരട്ടിയിലധികമാണിത്. മുപ്പതുകോടിയോളം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന നമ്മുടെ നാട്ടില്‍ രാജ്യസുരക്ഷയുടെ പേരില്‍ വാരിയെറിയുന്ന കോടികള്‍ക്ക് ഇനിയുള്ള കാലം വീണ്ടും കനം കൂടുമെന്ന് തന്നെയാണ് പ്രതിരോധരംഗത്തെ വിദഗ്ധര്‍ പറയുന്നത്.

പ്രതിരോധ സേനകളുടെ ആധുനീകവത്ക്കരണമാണ് ഈ ചെലവു കൂട്ടിയതെന്നാണ് മന്ത്രാലയത്തിന്‍റെ വിശദീകരണം. എന്നാല്‍ ഇത്രയും തുക ചെലവഴിച്ചിട്ടും നമ്മുടെ പ്രതിരോധ രംഗം ആധുനീകവത്ക്കരിക്കപ്പെട്ടോ എന്ന അന്വേഷണത്തിന്‍റെ ഉത്തരം നിരാശാജനകമാണ്. 2004 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ ആധുനീകവത്ക്കരണത്തിന്‍റെ ഭാഗമായി ആയുധശേഷിയും മറ്റും ഉയര്‍ത്താനായി പ്രതിരോധ മന്ത്രാലയം ചെലവിട്ടത് 1,37,496 കോടി രൂപയാണ്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലാകട്ടെ ഈ ഇനത്തില്‍ പ്രതിരോധമന്ത്രാലയത്തിന്‍റെ ചെലവ് 62,672 കോടി രൂപയും.

രാജ്യത്തിനു മേല്‍ പുതിയ ഭീഷണികള്‍ പുതിയ രൂപത്തില്‍ വെല്ലുവിളിയുയര്‍ത്തുമ്പോള്‍ നമ്മുടെ സൈനികരെ അതിനൊത്ത വേഷങ്ങള്‍ അണിയിക്കുന്നതിനോട് വിയോജിപ്പില്ല. എന്നാല്‍ ഇതിനായി വകയിരുത്തുന്ന തുക മറ്റുപല രീതിയിലും പലരുടെയും പോക്കറ്റിലാകുന്നത് തടയാന്‍ ഇന്നും നമുക്ക് പൂര്‍ണ്ണമായി കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. ഇസ്രായേലുമായുള്ള മിസൈല്‍ ഇടപാടുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതിക്കഥയാണ് ഇതിന് ഒടുവിലത്തെ ഉദാഹരണം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് പ്രതിരോധ വകുപ്പിലാ‍ണെന്നാണ് കേള്‍വി. എ‌കെ ആന്‍റണി പ്രതിരോധ വകുപ്പ് മന്ത്രിയാകുന്നതിന് മുന്‍‌പ് പ്രതിരോധ വകുപ്പിനെ കുറിച്ച് വ്യാപകമാ‍യി പ്രചരിച്ചിരുന്ന ഒരു തമാ‍ശ കൂടിയാണിത്. കാര്‍ഗിലില്‍ മരിച്ച ഇന്ത്യന്‍ സൈനികര്‍ക്കായി വാങ്ങിയ ശവപ്പെട്ടികളില്‍ പോലും അഴിമതി നടത്തിയ ചരിത്രമാണ് നമ്മുടെ പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പറയാനുള്ളത്. ബൊഫോഴ്സ് അഴിമതിയും മറ്റും ഇതിന്‍റെ വല്യേട്ടന്‍‌മാരായി ഇന്നും തെളിയാത്ത സത്യമായി അവശേഷിക്കുന്നു.

പ്രതിരോധ രംഗത്തെ അഴിമതിക്ക് തടയിടാനും ചെലവുകള്‍ നിയന്ത്രിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായും യു‌പി‌എ സര്‍ക്കാര്‍ ഒരു കമ്മറ്റിക്ക് രൂപം നല്‍കിയിരുന്നു. പ്രതിരോധ സാമ്പത്തിക വിഭാഗത്തിലെ മുന്‍ സെക്രട്ടറി വികെ മിശ്രയുടെ നേതൃത്വത്തിലായിരുന്നു കമ്മറ്റിക്ക് രൂപം നല്‍കിയത്. പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി 49 ശതമാനമാക്കി ഉയര്‍ത്തണമെന്നായിരുന്നു ഈ കമ്മറ്റിയുടെ പ്രധാന ശുപാര്‍ശ. പല കാലഘട്ടത്തിലും നമ്മുടെ പ്രതിരോധവകുപ്പിന് അനുവദിക്കപ്പെട്ട തുക വേണ്ടവിധത്തില്‍ വിനിയോഗിക്കപ്പെട്ടിട്ടില്ലെന്നും ഈ ഉന്നതതല സമിതി കണ്ടെത്തിയിരുന്നു. എന്നാല്‍ അഴിമതി പൂര്‍ണ്ണമായി തടയുകയും ഇല്ലാതാക്കുകയുമാണ് ചെലവുനിയന്ത്രിക്കാന്‍ പ്രതിരോധമന്ത്രാലയം സ്വീകരിക്കേണ്ട ആദ്യനടപടിയെന്നാണ് ഈ മന്ത്രാലയത്തിലെ മുന്‍‌ഗാമികള്‍ പലരും ചൂണ്ടിക്കാട്ടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :