നഷ്‌ടപ്പെട്ട നീലാംബരി

ജോയ്സ് ജോയ്

WEBDUNIA|
ചെറുകഥകളായിരുന്നു കമലയുടെ ഇഷ്‌ടമേഖല. ഇടയ്ക്ക് നോവലുകളില്‍ കൈവെച്ചെങ്കിലും തനിക്ക് പറ്റുന്നിടം ചെറുകഥയുടെ വലിയ ലോകമാണെന്ന് അവര്‍ മനസ്സിലാക്കി. ജീവിതഗന്ധിയുള്ള രചനകള്‍ അവരുടെ തൂലികയില്‍ നിന്നു വിടര്‍ന്നപ്പോഴൊക്കെ കപട സദാചാരത്തിന്‍റെ മലയാളിക്കണ്ണ് അവിടെയെല്ലാം എത്തിനോക്കി.

പറയാനുള്ളത് ആരെയും ഭയക്കാതെ, പുരുഷനേക്കാള്‍ ധൈര്യത്തോടെ കമല പറഞ്ഞു. പലരും പറയാന്‍ കൊതിച്ചതും, എന്നാല്‍ പറയാന്‍ ഭയന്നതുമായ കാര്യങ്ങള്‍ തന്‍റെ രചനകളില്‍ സുന്ദരമായ ചിത്രം പോലെ കോറിയിട്ടപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍ ചെറുതല്ലായിരുന്നു. മലയാളി ‘എന്‍റെ കഥ’ ആവര്‍ത്തിച്ചു വായിച്ചതും, ഇപ്പോഴും വിമര്‍ശനങ്ങളുയര്‍ത്തുന്നതും പറയാനുള്ളത് പച്ചയായി പറഞ്ഞ അവരുടെ ധൈര്യത്തോടുള്ള അസൂയ മൂലമാണ്.

ലോകസാഹിത്യ തറവാട്ടില്‍ തന്‍റേതായ പങ്ക് നല്‍കിയിട്ടാണ് അവര്‍ ജീവിതത്തില്‍ നിന്ന് നടന്നകന്നത്. മലയാളത്തില്‍, ആദ്യ കഥാസമാഹാരം, മതിലുകള്‍ (1955), തരിശുനിലം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, എന്‍റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, നഷ്‌ടപ്പെട്ട നീലാംബരി, തണുപ്പ്‌, മാനസി, തിരഞ്ഞെടുത്ത കഥകള്‍, എന്‍റെ കഥ, വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, ബാല്യകാലസ്‌മരണകള്‍, നീര്‍മാതളം പൂത്തകാലം, വണ്ടിക്കാളകള്‍ എന്നിവയും ഇംഗ്ലീഷില്‍, സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ്‌ ഓഫ്‌ ലസ്റ്റ്‌, ദ്‌ ഡിസന്റന്‍സ്‌, ഓള്‍ഡ്‌ പ്ലേ ഹൗസ്‌, കളക്‌റ്റഡ്‌ പോയംസ്‌ എന്നീ കവിതാസമാഹാരങ്ങളും അവരുടെ പ്രശസ്തങ്ങളായ കൃതികളാണ്.

1984 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന്‌ അവരുടെ പേര് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, ഏഷ്യന്‍ പൊയട്രി പ്രൈസ്‌, കെന്‍റ് അവാര്‍ഡ്‌, എഴുത്തച്‌ഛന്‍ പുരസ്‌കാരം, സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കമലയെ തേടിയെത്തി.

ഇലസ്‌ട്രേറ്റഡ്‌ വീക്കിലി ഒഫ്‌ ഇന്ത്യയുടെ പോയട്രി എഡിറ്റര്‍, കേരള ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റി പ്രസിഡന്‍റ്‌, കേരള ഫോറസ്‌റ്ററി ബോര്‍ഡ്‌ ചെയര്‍മാന്‍, ''പോയറ്റ്‌'' മാസികയുടെ ഓറിയന്‍റ് എഡിറ്റര്‍ എന്നീ പ്രമുഖ സ്‌ഥാനങ്ങള്‍ വഹിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :