കേരളത്തിന്‍റെ കുഞ്ഞൂഞ്ഞിന് പിറന്നാള്‍

WDWD
പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്, സഹപ്രവര്‍ത്തകരുടെ ഒ.സി - കേരളത്തിന്‍റെ പ്രതിപക്ഷ നേതാവിന് വിശേഷണങ്ങള്‍ ഏറെയാണ്. യുവത്വത്തിന്‍റെ ചുറു ചുറുക്കുമായി സംസ്ഥാനത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ക്കായി അക്ഷീണ പ്രവര്‍ത്തനം നടത്തുകയാണ് ഇദ്ദേഹം. വ്യക്തി ജീവിതത്തിലെ അപൂര്‍വ്വതകളെ പോലും ആഘോഷമാക്കാത്ത ഉമ്മന്‍ ചാണ്ടിക്ക് ഒക്ടോബര്‍ 31 പിറന്നാള്‍ ദിനമാണ്.

സംസ്ഥാന കോണ്‍ഗ്രസിലെ ഒന്നാമനായി വളര്‍ന്ന ഉമ്മന്‍ ചാണ്ടിക്ക് 2007, ഒക്ടോബര്‍ 31ന് 64 വയസ് തികയും. ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ദിനവും സാധാരണ പോലെയാണ്. സാധാരണ പോലെ തന്നെ പ്രതിപക്ഷ നേതാവിന് ആഘോഷങ്ങളില്ലാത്ത ഒരു പിറന്നാള്‍ ദിനമാകും ഇതും.

തുടര്‍ച്ചയായി 37 കൊല്ലം പുതുപ്പള്ളിയെ നയിച്ച ഉമ്മന്‍ ചാണ്ടിക്ക് രാഷ്ട്രീയ ജീവിതത്തില്‍ ഒട്ടനവധി വെല്ലുവിളികളെ അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. കെ.കരുണാകരന്‍റെ പാര്‍ട്ടി വിട്ടു പോകലായിരുന്നു ഒരു പ്രധാന തിരിച്ചടി‍.

ചീകിയൊതുക്കാത്ത തലമുടിയുമായി രാഷ്ട്രീയ കേരളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ വളര്‍ച്ച പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു. അടിയന്തരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധിയുടെ നയങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട ചാണ്ടി പിന്നീട് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനോടുള്ള അതൃപ്തിമൂലം ധനമന്ത്രി കസേരയും വലിച്ചെറിഞ്ഞിട്ടുണ്ട്. എം.എ.കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചപ്പോഴായിരുന്നു ഈ രാജിവയ്ക്കല്‍.

1967-ല്‍ എ.കെ.ആന്‍റണി കെ.എസ്.യു സംസ്ഥാനകമ്മിറ്റി പ്രസിഡന്‍റ് സ്ഥാനത്തുനിന്നും വിരമിച്ചപ്പോള്‍ ആ പദവിയിലേക്കു നിയോഗിക്കപ്പെട്ട ഉമ്മന്‍ചാണ്ടിയെ പിന്നീടിങ്ങോട്ട് ആകസ്മികതകള്‍ പിന്തുടരുകയായിരുന്നു. കേരളത്തിന്‍റെ പത്തൊന്‍പതാം മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി എത്തിയതും ആന്‍റണിയുടെ പകരക്കാരനായാണ്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :