കാട്ടുഞാവല്‍പ്പഴങ്ങള്‍ കൊഴിഞ്ഞു

ബിജു ഗോപിനാഥന്‍

Bergman
FILEFILE
ലോകസിനിമയിലെ ഇതിഹാസം മറഞ്ഞു. ‘കാട്ടുഞാവല്‍പ്പഴ‘(വൈല്‍ഡ് സ്ട്രോബറീസ്)ങ്ങളുടെ സൃഷ്‌ടാവ് ഇനി ഈ ഭൂമിയില്‍ അവശേഷിക്കുന്നില്ല എന്ന തിരിച്ചറിവ് ഞെട്ടിക്കുന്നതാണ്.

അദ്ദേഹം അത്യുച്ചത്തില്‍ പുറത്തെറിഞ്ഞ ആ നിശബ്ദതയെ ഇനിയെങ്ങനെ കേള്‍ക്കും. ഇടിമിന്നലായി തുറന്നു വിട്ട ഇരുട്ടിനെ ഇനി എങ്ങനെ ദര്‍ശിക്കും. അതെ, ഇംഗ്‌മര്‍ ബര്‍ഗ്‌മാന്‍ എന്ന് ചലച്ചിത്രകാരന്‍ ഈ ഭൂമിയില്‍ ഉപേക്ഷിച്ചു പോയ വസന്തങ്ങള്‍ നമ്മളെ വീര്‍പ്പുമുട്ടിക്കുക തന്നെ ചെയ്യും.

സ്വീഡിഷ് ചലച്ചിത്രമേഖലയിലും നാടകരംഗത്തും നിറഞ്ഞുനിന്ന മഹാമേരുവാണ് ഇംഗ്‌മര്‍ ബര്‍ഗ്‌മാന്‍. ബര്‍‌ഗ്‌മാനെ ഒരു സിനിമക്കാരനായി മാത്രം വിശേഷിപ്പിക്കുന്നവര്‍ അദ്ദേഹത്തിലെ നാടകപ്രതിഭയോട് കാണിക്കുന്നത് അങ്ങേയറ്റത്തെ അവഗണനയാണ്. ജീവശ്വാസം പോലെയായിരുന്നു അദ്ദേഹത്തിന് നാടകങ്ങള്‍.

നാടകരംഗത്തു നിന്നും സിനിമയുടെ മായികതയിലേക്ക് അലിഞ്ഞിറങ്ങിയെങ്കിലും കൃത്യമായ ഇടവേളകളില്‍ അദ്ദേഹത്തില്‍ നിന്ന് നാടകങ്ങള്‍ ജനിച്ചു കൊണ്ടിരുന്നു. അതെല്ലാം സിനിമയുടെ സാങ്കേതികതയെയും ദൃശ്യഭാഷയെയും കടന്നു നില്‍ക്കുന്ന ശക്തമായ പ്രതികരണങ്ങളായിരുന്നു.
A scene from wild Strawberries Of Bergman
FILEFILE


ആധുനിക സിനിമയുടെ സൃഷ്‌ടാക്കളില്‍ ഏറ്റവും പ്രമുഖരുടെ നിരയിലാണ് ബര്‍ഗ്‌മാന്‍റെ സ്ഥാനം. അറുപത് വര്‍ഷം നീണ്ടു നിന്ന ചലച്ചിത്ര ജീവിതമാണ് അദ്ദേഹത്തിന്‍റേത്. ലോക സിനിമയിലെ ക്ലാസിക്കുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രൈസിസ്, ദ് സെവന്‍‌ത് സീല്‍, വൈല്‍ഡ്‌ സ്ട്രോബറീസ്‌, ദി വിര്‍ജിന്‍ സ്പ്രിംഗ് തുടങ്ങിയവ സമ്മാനിച്ച കാഴ്ചാനുഭവം അവിസ്മരണീയമാണ്.

ഒന്‍പതു തവണ ഓസ്കാര്‍ നോമിനേഷനുകള്‍ ലഭിച്ച ബര്‍ഗ്‌മാന് മൂന്ന് ഓസ്കാറുകള്‍ ലഭിച്ചിട്ടുണ്ട്. സ്ത്രീ - പുരുഷ ബന്ധങ്ങളിലെ അലയൊലികള്‍ തന്‍റെ സിനിമകള്‍ക്കു വിഷയമാക്കുവാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അതിന് പ്രചോദനമായിരുന്നത് അദ്ദേഹത്തിന്‍റെ ജീവിതം തന്നെയായിരുന്നു.





WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :