അമേരിക്കയുടെ ‘ഹിന്ദുവായ മുസ്ലീംഭീകരവാദി’

ചെന്നൈ| WEBDUNIA|
PRO
തീവ്രവാദത്തെയും ഭീകരവാദത്തെയും അമേരിക്കയ്ക്ക് എന്നും ഭയമാണ്. ഭീകരവാദത്തിന്‍റെ മറവിലും ഭയപ്പെടുന്ന വേറൊരു പദവുമുണ്ട്. മുസ്ലീം! ഇസ്ലാമിക ഭീകരതയോടൊപ്പം ഇസ്ലാമികമായ എന്തിനെയും ഭയക്കുന്ന, ഇല്ലാതാക്കന്‍ ശ്രമിക്കുന്ന സമീപനമാണ് അമേരിക്കയുടെ ഭാഗത്തു നിന്ന് അടുത്ത കാലത്ത് ഉണ്ടായി കാണുന്നത്. അതുകൊണ്ട്, തന്നെ ഇത് സംബന്ധിച്ച എന്തു തന്നെ കണ്ടെത്തിയാലും അന്വേഷണം ഊര്‍ജിതപ്പെടുത്തും. അത് മുസ്ലീം പുസ്തകമായാലും മുസ്ലീം ചിഹ്നമായാലും മുസ്ലീം പേരായാലും.

ആവശ്യമെങ്കില്‍ സംഭവുമായി ബന്ധപ്പെട്ടവരെയെല്ലാം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യും. പ്രതി പ്രമുഖനായാലും ഇസ്ലാമിതര മതത്തില്‍പ്പെട്ട വ്യക്തിയായാലും അമേരിക്കന്‍ അന്വേഷണ സംഘം വെറുതെ വിടില്ല. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാര്‍ മുതല്‍ ബോളിവുഡ് നടന്മാന്‍ വരെ അമേരിക്കയുടെ ഇത്തരം പരിശോധനകള്‍ക്ക് മുന്നില്‍ കീഴടങ്ങിയവരാണ്. അതിന്‍റെ അവസാനത്തെ കണ്ണിയായിരിക്കുകയാണ് ഇന്ത്യയില്‍ നിന്നെത്തിയ ഡോക്യുമെന്‍ററി നിര്‍മ്മാതാവായ വിജയ്കുമാറും. ജിഹാദ് സംബന്ധിച്ച പുസ്തകങ്ങളും ഇടിക്കട്ടകളും കൈവശം വെച്ചതിനാണ് വിജയ്കുമാറിനെ അറസ്റ്റ് ചെയ്തത്. അമേരിക്കയില്‍ ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍ ചെന്നിറങ്ങിയ ഇദ്ദേഹത്തെ സംശയത്തിന്‍റെ പേരില്‍ പിടികൂടുകയായിരുന്നു.

എന്നാല്‍, മുംബൈയില്‍ നിന്ന് എത്തിയ വിജയ് കുമാര്‍ താന്‍ ഒരു ഹിന്ദുസംഘടനയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ സംബന്ധിക്കാനാണ് എത്തിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വേള്‍ഡ് ട്രേഡ് സെന്‍റര്‍, പെന്‍റഗണ്‍ ആക്രമണങ്ങള്‍ക്കു ശേഷമാണ് അമേരിക്ക ഭീകരവാദത്തെയും ഭീകരവാദികളെയും ഇത്രയധികം ഭയപ്പെട്ട് തുടങ്ങിയത്. തങ്ങളുടെ സാമ്രാജ്യത്വ ഭീകരത ആരെങ്കിലും തകര്‍ക്കുന്നത് അവര്‍ അത്രയേറെ ഭയക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ജിഹാദ് പുസ്തകം കൈവശം വെച്ച് ഇന്ത്യക്കാരനായ ഒരാള്‍ ഹൂസ്റ്റണ്‍ വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ ഈ മുതലാളിത്ത രാജ്യം ഇത്രയേറെ അസ്വസ്ഥതപ്പെട്ടതും. ഏതായാലും സംഭവത്തെക്കുറിച്ച് യു എസ് അധികൃതരോട് വിശദീകരണം തേടുമെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ തെറ്റു പറ്റിയെന്ന് കാണിച്ച് വ്യക്തമായ ഒരു വിശദീകരണം അമേരിക്ക ഇന്ത്യയ്ക്ക് നല്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.

വെള്ളിയാഴ്ച ആയിരുന്നു ‘ഹിന്ദുവായ മുസ്ലീം ഭീകരവാദി’യെ സാമ്രാജ്യത്വ മുതലാളിത്ത പൊലീസുകാര്‍ ജോര്‍ജ് ബുഷ് വിമാനത്താവളത്തില്‍ വെച്ച് കൈയോടെ പിടികൂടിയത്. വിജയ് കുമാറിന്‍റെ ഒപ്പമുണ്ടായിരുന്ന സാധനങ്ങളുടെ കൂട്ടത്തില്‍ ആയുധങ്ങള്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു ഇത്. കൈത്തോക്ക് ആണെന്നു കരുതി ബാഗ് പരിശോധിച്ചപ്പോള്‍ ലഭിച്ചത് പിച്ചള കൊണ്ടുള്ള ഇടിക്കട്ടകള്‍. എന്നാല്‍, ഇടിക്കട്ടകളോടൊപ്പം ജിഹാദിനെക്കുറിച്ച് വിശദീകരിക്കുന്ന പുസ്തകങ്ങള്‍ കൂടി കിട്ടിയതോടെ ഇയാള്‍ ബോംബ് സ്ഫോടനം നടത്താന്‍ പോകുന്നു എന്ന രീതിയിലായിരുന്നു അമേരിക്കയുടെ സമീപനം. ഏതായാലും, ഇത്യാദി വസ്തുക്കളെല്ലാം കൈയില്‍ വെച്ചതിന് അഞ്ചു ദിവസത്തെ തടവ് അനുഭവിക്കാനുള്ള ‘യോഗ’വും വിജയ് കുമാറിനുണ്ടായി. അഞ്ചു ദിവസം ഹാരിസ് കൌണ്ടി ജയിലില്‍ കഴിഞ്ഞ വിജയ് കുമാറിനെ ചൊവ്വാഴ്ച വൈകുന്നേരമാണ് 5,000 ഡോളറിന്‍റെ ജാമ്യത്തില്‍ വിട്ടത്. വെള്ളിയാഴ്ച വരെ നഗരം വിട്ടുപോകരുതെന്നുള്ള നിര്‍ദ്ദേശവും വിജയ് കുമാറിന് ലഭിച്ചിട്ടുണ്ട്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുന്നതിനാല്‍ ആണിത്.

ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് ഡോക്യുമെന്‍ററികള്‍ എടുത്തിട്ടുള്ള വിജയ് കുമാര്‍ വാന്‍കൂവറില്‍ നടക്കുന്ന ഹിന്ദു കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു എത്തിയതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ റോജര്‍ ജെയിന്‍ പറഞ്ഞു. ഹിന്ദു കോണ്‍ഗ്രസില്‍ ജിഹാദിനെക്കുറിച്ച് പ്രസംഗിക്കാനായിരുന്നു വിജയ് കുമാറിനെ ക്ഷണിച്ചിരുന്നത്. ഇതേക്കുറിച്ച് പഠിക്കാനായിരുന്നു ഇദ്ദേഹം ജിഹാദിനെക്കുറിച്ചുള്ള പുസ്തകം കൈവശം വെച്ചിരുന്നത്. ഏതായാലും, പുസ്തകവും ഇടിക്കട്ടകളും ലഗേജിന്‍റെ കൂടെ സൂക്ഷിച്ചിരുന്നത് വിജയ് കുമാറിന് അനുഗ്രഹമായി. കൈയിലില്ലാതതിനാല്‍ ആരെയെങ്കിലും ഉപദ്രവിക്കണമെന്ന ഉദ്ദേശ്യം ഇയാള്‍ക്ക് ഇല്ലെന്ന് പൊലീസ് കണക്കു കൂട്ടുകയായിരുന്നു.

എങ്കിലും, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസില്‍ വിജയ്കുമാറിന് ജാമ്യം ലഭിച്ചെങ്കിലും വെള്ളിയാഴ്ച വരെ ഹൂസ്റ്റണ്‍ വിട്ടുപോകരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിജയ്കുമാര്‍ ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് പഠനം നടത്തി ഡോക്യുമെന്‍ററി നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി ത്രീവ്രവാദവുമായി ബന്ധപ്പെട്ടുള്ള നിരവധി പുസ്തകങ്ങളും പ്രബന്ധങ്ങളും സ്വരൂപിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായായിരുന്നു ജിഹാദ് പുസ്തകം വിജയ്കുമാര്‍ കൈയില്‍ വെച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :