‘കത്തനാര്‍’ക്ക് കടം ഒരുകോടി!

WEBDUNIA|
PRO
“കത്തനാര്‍...കത്തനാര്‍...കടമറ്റത്തു കത്തനാര്‍ കത്തനാര്‍...” ഈ ടൈറ്റില്‍ സോംഗ് കേള്‍ക്കുമ്പോള്‍ ടെലിവിഷനു മുന്നിലേക്ക് മലയാ‍ളികള്‍ ഓടിയെത്തിയ ഒരു കാലമുണ്ടായിരുന്നു. ഏഷ്യാനെറ്റില്‍ ‘കടമറ്റത്തു കത്തനാര്‍’ എന്ന സീരിയല്‍ അത്രയേറെ ജനപ്രീതി നേടിയ ഒന്നായിരുന്നു. കത്തനാരെ അവതരിപ്പിച്ച പ്രകാശ്പോളും താരപ്രഭയില്‍ മിന്നിത്തിളങ്ങി നിന്നു.

എന്നാല്‍ അതൊക്കെ പഴയ കഥ. കത്തനാരെ അനശ്വരമാക്കിയ പ്രകാശ് പോള്‍ എന്ന നടന്‍ ഇന്ന് ഒരു കോടി രൂപയ്ക്ക് മേല്‍ കടക്കാരനാണ്. ഭക്ഷണം കഴിക്കാനായി വീട്ടുസാധനങ്ങള്‍ വില്‍ക്കേണ്ടി വരുന്ന അവസ്ഥ. കടക്കാരെ പേടിച്ച് മൊബൈല്‍ ഫോണ്‍ സ്വിച്ചു ഓഫ് ചെയ്തു വയ്ക്കേണ്ടി വരുന്ന ദയനീയത. വാടക വീടുകള്‍ മാറിമാറിത്താമസിച്ച് പ്രകാശ് പോള്‍ ദിവസം തള്ളി നീക്കുകയാണ്. ഇടയ്ക്ക് മദ്യത്തിനടിമയായി. ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രകാശ് പോള്‍ ഇക്കാര്യങ്ങളൊക്കെ തുറന്നു പറയുന്നത്.

മുന്നൂറിനടുത്ത് എപ്പിസോഡുകളില്‍ ഏഷ്യാനെറ്റ് ‘കടമറ്റത്ത് കത്തനാര്‍’ എന്ന സീരിയല്‍ അവസാനിപ്പിച്ചപ്പോള്‍ തുടങ്ങിയതാണ് പ്രകാശ് പോളിന്‍റെ ദുരവസ്ഥ. ജനങ്ങള്‍ പ്രകാശ് പോളിനെ ‘അച്ചോ’ എന്ന് വിളിച്ച് അനുഗ്രഹം തേടാന്‍ തുടങ്ങി. എവിടെച്ചെന്നാലും ആളുകള്‍ തിരിച്ചറിയും. എല്ലാവര്‍ക്കും അനുഗ്രഹം വേണം. ഒരു കഥാപാത്രം നല്‍കിയ പ്രശസ്തി ആസ്വദിച്ച പ്രകാശ് പോള്‍ സീരിയലിന്‍റെ രണ്ടാം ഭാഗത്തേക്കുറിച്ച് ആലോചിച്ചു തുടങ്ങി.

ഒരു പുതിയ ചാനലിന് കടമറ്റത്തു കത്തനാര്‍ രണ്ടാം ഭാഗം നല്‍കി. ഒരു എപ്പിസോഡിന് ഒരുലക്ഷം രൂപ അവര്‍ നല്‍കും. എണ്‍പത്തഞ്ചു ലക്ഷത്തോളം രൂപ പലരില്‍ നിന്ന് കടം വാങ്ങിയാണ് പ്രകാശ് പോള്‍ നിര്‍മ്മാണം നടത്തിയത്. എന്നാല്‍ ആദ്യത്തെ കുറച്ച് എപ്പിസോഡുകള്‍ക്കുള്ള പണം മാത്രമാണ് ചാനലില്‍ നിന്ന് ലഭിച്ചത്. ഒടുവില്‍ 69 എപ്പിസോഡില്‍ കഥ അവസാനിപ്പിച്ചു. ഫലം, ഒരുകോടിയോളം രൂപ കടം!

സീരിയലില്‍ അഭിനയിച്ച ആര്‍ട്ടിസ്റ്റുകള്‍, യൂണിറ്റംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങി ചുറ്റുമുള്ള എല്ലാവരുടെയടുത്തും പ്രകാശ് പോള്‍ കടക്കാരനായി. കാര്‍ പണയം വച്ചു, പിന്നീടത് നഷ്ടപ്പെട്ടു. പണം നല്‍കിയവരെ ഭയന്ന് വീടിന് പുറത്തിറങ്ങാതെ ഒന്നര വര്‍ഷത്തോളം കാലം ചെലവഴിച്ചു. പിന്നീട് മദ്യത്തില്‍ അഭയം തേടി. വാടക നല്‍കാന്‍ കഴിയാതെ വന്നതിനാല്‍ ചെറിയ വാടകയില്‍ വീടുകള്‍ മാറി മാറി താമസിച്ചു. വീട്ടിലെ ഫര്‍ണിച്ചറുകള്‍ വിറ്റ് ആഹാരത്തിനുള്ള വക കണ്ടെത്തി.

ഒടുവില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. ജീവനൊടുക്കാന്‍ തീരുമാനിച്ച ആ നിമിഷത്തിലാണ് കരിക്കിന്‍വില്ല കൊലക്കേസിലെ മുഖ്യ പ്രതിയായിരുന്ന റെനി ജോര്‍ജിനെ പ്രകാശ് പോള്‍ വിളിച്ചത്. റെനിയുടെ ഉപദേശങ്ങള്‍ ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കി.

ഇപ്പോള്‍ ജീവിതപ്പാത വീണ്ടും നടന്നുകയറുകയാണ് പ്രകാശ് പോള്‍. കടങ്ങള്‍ എങ്ങനെയെങ്കിലും വീട്ടി ഒരു ദിവസമെങ്കിലും സുഖമായി ഒന്നുറങ്ങണമെന്നാണ് പ്രകാശ് പോളിന്‍റെ ആഗ്രഹം. ഭാര്യയോടും മക്കളോടുമൊപ്പം കോട്ടയത്ത് മാങ്ങാനത്തുള്ള ഒരു ചെറിയ വീട്ടില്‍ കഴിയുകയാണ് പ്രകാശ് പോള്‍. അടുത്ത കാലത്ത് ‘നല്ലവന്‍’ എന്ന ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലും ഭാഗ്യാന്വേഷണം നടത്തി. പവര്‍ വിഷന്‍ ടി വിയില്‍ പ്രൊഡ്യൂസറായി ജോലിനോക്കുന്നു മലയാളികളുടെ പ്രിയപ്പെട്ട ‘കത്തനാര്‍’ ഇപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :