കൂട്ടുകാര്‍ കംപ്രസര്‍ ഉപയോഗിച്ച് മലദ്വാരത്തിലൂടെ കാറ്റ് കയറ്റി; ആറ് വയസ്സുകാരന്‍ മരിച്ചു

കളിക്കുന്നതിനിടെ സുഹൃത്തുക്കളായ കുട്ടികള്‍ കംപ്രസര്‍ മലദ്വാരത്തിലൂടെ ശരീരത്തിന് ഉള്ളിലേക്ക് കയറ്റി വായു പമ്പ് ചെയ്യുകയായിരുന്നു.

Last Modified തിങ്കള്‍, 29 ജൂലൈ 2019 (14:31 IST)
കളിക്കുന്നതിനിടെ കൂട്ടുകാര്‍ കംപ്രസര്‍ ഉപയോഗിച്ച് മലദ്വാരത്തിലൂടെ കാറ്റ് കയറ്റിയതിനിടെ ആറുവയസ്സുകാരന് ദാരുണാന്ത്യം. കന്‍ഹാ യാദവ് എന്ന കുട്ടിയാണ് കൂട്ടുകാരുടെ തമാശ മൂലം മരണപ്പെട്ടത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

കളിക്കുന്നതിനിടെ സുഹൃത്തുക്കളായ കുട്ടികള്‍ കംപ്രസര്‍ മലദ്വാരത്തിലൂടെ ശരീരത്തിന് ഉള്ളിലേക്ക് കയറ്റി വായു പമ്പ് ചെയ്യുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകനെ കൂട്ടുകാരാണ് വീട്ടിലെത്തിച്ചത്. വയറ് വീര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചെന്ന് കുട്ടിയുടെ പിതാവ് രാമചന്ദ്ര യാദവ് പറഞ്ഞു. എന്‍ഡി ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഫാക്ടറിയില്‍ വച്ച് കംപ്രസര്‍ ഉപയോഗിച്ച് കുട്ടികള്‍ വായു പമ്പ് ചെയ്‌തെന്ന് അറിയിച്ചതായും ഇദ്ദേഹം പറയുന്നു. പല്‍ഡയിലെ ഈ ഫാക്ടറിയിലാണ് ഇദ്ദേഹവും ജോലി ചെയ്യുന്നത്. ഫാക്ടറിയുടെ സമീപത്തുള്ള വ്യവസായ മേഖലയിലാണ് കാന്‍ഹയും കുടുംബവും താമസിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ മരണകാരണം ഉറപ്പിക്കാന്‍ സാധിക്കൂവെന്ന് പോലീസ് അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :