രേണുക വേണു|
Last Modified വെള്ളി, 13 ഫെബ്രുവരി 2026 (15:09 IST)
Aus vs Zim : 2026 ഐസിസി പുരുഷ ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഓസ്ട്രേലിയയെ അട്ടിമറിച്ച് സിംബാബ്വെ. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ 23 റണ്‍സിനാണ് സിംബാബ്വെ മുന്‍ ലോകചാമ്പ്യന്മാരെ പരാജയപ്പെടുത്തിയത്.
സിംബാബ്വെ: 169/2 (20 ഓവര്‍)
ഓസ്ട്രേലിയ: 146/10 (19.3 ഓവര്‍)
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സിംബാബ്വെ നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് സ്വന്തമാക്കിയത്. ഓസീസ് ബാറ്റിംഗ് നിരക്കെതിരെ തകര്‍ത്തടിച്ച ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റ് അര്‍ധസെഞ്ചുറിയുമായി(64*) തിളങ്ങി.
ടാഡിവനാഷെ മരുമാനി (35), റയാന്‍ ബേള്‍ (35) എന്നിവര്‍ മികച്ച പിന്തുണയാണ് താരത്തിന് നല്‍കിയത്. അവസാന ഓവറുകളില്‍ സിക്കന്ദര്‍ റാസയും (13 പന്തില്‍ 25) തകര്‍ത്തടിച്ചതോടെയാണ് സിംബാബ്വെ ഭേദപ്പെട്ടെ നിലയിലെത്തിയത്.
170 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കം തന്നെ പിഴച്ചു. സിംബാബ്വെ പേസര്‍ ബ്ലെസിംഗ് മുസരബാനിയുടെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ ഓസീസ് മുന്‍നിര തകര്‍ന്നടിഞ്ഞു. ജോഷ് ഇംഗ്ലിസ്, കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ് എന്നിവരെല്ലാം തന്നെ രണ്ടക്കം കാണാതെയാണ് മടങ്ങിയത്. ഒരു ഘട്ടത്തില്‍ 29 റണ്‍സിന് 4 വിക്കറ്റെന്ന നിലയില്‍ തകര്‍ന്ന ഓസീസിനെ മാറ്റ് റെന്‍ഷോയും ഗ്ലെന്‍ മാക്‌സ്വെല്ലും ചേര്‍ന്ന കൂട്ടുക്കെട്ടാണ് വലിയ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. മാറ്റ് റെന്‍ഷാ 44 പന്തില്‍ 65 റണ്‍സുമായി ഓസീസിന്റെ ടോപ് സ്‌കോററായപ്പോള്‍ 32 പന്തില്‍ 31 റണ്‍സാണ് മാക്‌സ്വെല്‍ നേടിയത്. എന്നാല്‍ ടീം സ്‌കോര്‍ 106ല്‍ നില്‍ക്കെ മാക്‌സ്വെല്‍ പുറത്തായതോടെ ഓസീസ് തകര്‍ച്ച വേഗത്തിലായി. മാര്‍ക്കസ് സ്റ്റോയ്‌നിസും, ബെന്‍ ഡാര്‍സ്യൂസും അടങ്ങിയ വാലറ്റം യാതൊരു പോരാട്ടവും കാഴ്ചവെയ്ക്കാതെയാണ് കീഴടങ്ങിയത്. ഓസീസിന്റെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മുസര്‍ബാനിയാണ് മത്സരത്തിന്റെ താരമായി മാറിയത്.