മികച്ച പ്രകടനം നടത്തിയിട്ടും ബിസിസിഐയുടെ കരാറില്‍ നടരാജന്‍ ഇടം പിടിച്ചില്ല; കാരണം ഇതാണ്

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 16 ഏപ്രില്‍ 2021 (15:59 IST)

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പകരക്കാരനായി ഇന്ത്യയുടെ അവസാന ഇലവനില്‍ ഇടംപിടിച്ച താരമാണ് ടി.നടരാജന്‍. ചുരുങ്ങിയ മത്സരങ്ങള്‍കൊണ്ട് ഇന്ത്യന്‍ പേസ് നിരയിലെ നിര്‍ണായ സാന്നിധ്യമാകാന്‍ ഈ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ക്ക് സാധിച്ചു. പരിമിത ഓവര്‍ മത്സരങ്ങളില്‍ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയാണ് നടരാജന്‍. ഇത്രയേറെ കഴിവുണ്ടായിട്ടും എന്തുകൊണ്ടാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ഷിക കരാര്‍ പട്ടികയില്‍ നടരാജന്‍ ഇടംപിടിക്കാത്തത് എന്ന സംശയം ഒട്ടേറെ പേര്‍ക്കുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിനു കൂടുതല്‍ പ്രധാന്യം നല്‍കിയാണ് ബിസിസിഐ വാര്‍ഷിക പ്രതിഫലവുമായി ബന്ധപ്പെട്ട കരാര്‍ തയ്യാറാക്കുന്നത്. ഏകദിന, ടി 20 ക്രിക്കറ്റില്‍ സ്ഥിര സാന്നിധ്യമല്ലാത്ത ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഇഷാന്ത് ശര്‍മ, ആര്‍.അശ്വിന്‍ എന്നിവര്‍ വാര്‍ഷിക കരാറില്‍ ഗ്രേഡ് എയില്‍ വരാന്‍ കാരണവും അത് തന്നെ. ഇവരെല്ലാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ അവിഭാജ്യ താരങ്ങളാണ്.

വാര്‍ഷിക കരാറില്‍ ഇടം പിടിക്കാന്‍ ഒരു താരം സീസണില്‍ കളിക്കേണ്ടത് മൂന്ന് ടെസ്റ്റോ എട്ട് ഏകദിനങ്ങളോ പത്ത് ടി 20 മത്സരങ്ങളോ ആണ്. എങ്കില്‍ മാത്രമേ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഇടം പിടിക്കാന്‍ സാധിക്കൂ. ഈ കാരണംകൊണ്ടാണ് ഏറ്റവും പുതിയ കരാര്‍ പട്ടികയില്‍ നടരാജന്‍ ഇടംപിടിക്കാതെ പോയത്.

ഈ സീസണില്‍ നടരാജന്‍ കളിച്ചിരിക്കുന്നത് ഒരു ടെസ്റ്റും രണ്ട് ഏകദിനങ്ങളും നാല് ടി 20 മത്സരങ്ങളും മാത്രമാണ്. കഴിഞ്ഞ സീസണില്‍ ഒരേയൊരു ടെസ്റ്റ് മാത്രം കളിച്ച പൃഥ്വി ഷായും ഇത്തവണ വാര്‍ഷിക കരാറില്‍ ഇടംപിടിച്ചില്ല. മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ അവസരം ലഭിച്ച ശുഭ്മാന്‍ ഗില്‍ ബിസിസിഐയുടെ വാര്‍ഷിക കരാര്‍ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു.

ഈ വര്‍ഷം രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കൂടി കളിക്കുകയോ 2021 സെപ്റ്റംബറിനു മുന്‍പ് ആറ് ഏകദിനമോ ആറ് ടി 20 യോ കളിക്കുകയോ ചെയ്താല്‍ നടരാജന് കരാറില്‍ ഇടം പിടിക്കാന്‍ സാധിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :