Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്
ഐപിഎല്ലിലെ വമ്പന്‍ പ്രകടനത്തിന് പിന്നാലെ രാജസ്ഥാന്റെ യുവതാരമായ വൈഭവ് സൂര്യവംശിക്ക് ഇന്ത്യ എ ടീമിലേക്ക് വിളിയെത്തിയിരിക്കുകയാണ്. ഇന്ത്യ എ ടീമില്‍ വിളിവന്നെങ്കിലും സീനിയര്‍ ടീമില്‍ വൈഭവ് ഉടന്‍ കളിക്കുമെന്നാണ് കരുതിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രതികരിക്കുന്നത്. നിലവില്‍ താരത്തെ ചുറ്റിപറ്റി വമ്പന്‍ ഹൈപ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഘട്ടം ഘട്ടമായി മാത്രം താരത്തിന് അവസരം നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് ബിസിസിഐ.
സീനിയര്‍ ടീമിലെ ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള മത്സരങ്ങളിലേക്ക് ഉടനെ തിരെഞ്ഞെടുക്കാതെ താരത്തിന്റെ മത്സരപരിചയവും സാങ്കേതിക തികവും മെച്ചപ്പെടുത്തി താരത്തെ സീനിയര്‍ ലെവലിലേക്ക് പാകപ്പെടുത്താനാണ് ബിസിസിഐയുടെ തീരുമാനം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 16 വയസ്സ് മുതലെ ഇന്ത്യയ്ക്കായി കളിച്ച് ക്രിക്കറ്റിലെ മഹാനായ താരമായി മാറിയത് ഉദാഹരണമായി മുന്നിലുണ്ടെങ്കിലും ഏറെ പ്രതീക്ഷ നല്‍കിയ പല യുവതാരങ്ങളും കരിയറില്‍ മികച്ച തുടക്കം ലഭിച്ച ശേഷം പിന്നീട് എങ്ങും എത്താതെ പോയ അനുഭവങ്ങളുണ്ട്. പൃഥ്വി ഷാ അടക്കമുള്ള താരങ്ങള്‍ക്ക് സംഭവിച്ചത് വൈഭവിന് ഉണ്ടാകരുതെന്ന നിര്‍ബന്ധം ബിസിസിഐയ്ക്കുണ്ട്. അതിനാല്‍ തന്നെ അമിതമായ സമ്മര്‍ദ്ദം താരത്തിന് വെച്ചുകൊടുക്കരുതെന്നാണ് ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും തീരുമാനം.
അതേസമയം ഇന്ത്യ എ ടീമിനായുള്ള പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയാല്‍ വൈഭവിനായുള്ള മുറവിളി ഉയരുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ ഇന്ത്യ എ ടീമിന്റെ മത്സരങ്ങള്‍ കഴിഞ്ഞതും വൈഭവിന് ദേശീയ ടീമില്‍ ഇടം ലഭിച്ചേക്കാം. നിലവില്‍ ഐപിഎല്ലിന്റെ മാത്രം ബലത്തില്‍ സീനിയര്‍ ടീമിലേക്ക് തിരക്കിട്ട് വിളിക്കേണ്ടതില്ലെന്നതാണ് ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും തീരുമാനം.