‘നാലാം നമ്പറില്‍ അവര്‍ക്ക് എന്തെങ്കിലും പദ്ധതി ഉണ്ടായിരുന്നു കാണും’; മനസ് തുറന്ന് റായുഡു

 ambati rayudu , team india , kohli , ഇന്ത്യന്‍ ടീം , അമ്പാട്ടി റായുഡു , ലോകകപ്പ് , വിരമിക്കല്‍
ഹൈദരാബാദ്| Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (18:09 IST)
വിവാദങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതായിരുന്നു ഇന്ത്യന്‍ അമ്പാട്ടി റായുഡുവിന്റെ ക്രിക്കറ്റ് ജീവിതം. ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിന്റെ നിരാശയിലുള്ള വിരമിക്കല്‍ പ്രഖ്യാപനവും, പിന്നീട് തീരുമാനത്തില്‍ നിന്നും പിന്മാറി ക്ഷമാപണം പറഞ്ഞ് കത്ത് നല്‍കിയതും റായുഡുവിന്റെ ഒടുവിലുത്തെ നീക്കങ്ങളാണ്.

ലോകകപ്പ് ടീം സെലക്ഷന് മുമ്പ് വരെ നാലാം നമ്പറില്‍ റായുഡു എത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ അവസാന നിമിഷം നിര്‍ണായക ബാറ്റിംഗ് പൊസിഷനില്‍ സെലക്‍ടര്‍മാര്‍ തീരുമാനം മാറ്റി. റായുഡുവിന് പകരം വിജയ് ശങ്കര്‍ ലോകകപ്പ് സ്‌ക്വാഡിലെത്തി.

മാസങ്ങള്‍ക്ക് ശേഷം ലോകകപ്പ് നാലാം നമ്പറില്‍ സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റായുഡു.

“ നാലാം നമ്പറില്‍ ആര് വേണമെന്ന സെലക്‍ടര്‍മാരുടെ തീരുമാനം പെട്ടെന്ന് മാറിയതാകാം. എനിക്കപ്പുറം കൂടുതല്‍ എന്തെങ്കിലും അവര്‍ ചിന്തിച്ചുകാണും. നിരാശനായെങ്കിലും അവരുടെ മനസില്‍ എന്തോ ഒരു പദ്ധതിയും കോമ്പിനേഷനും ഉണ്ടായിരുന്നു എന്നത് സത്യമാണ്. അത് എന്താണെന്ന് എനിക്കറിയില്ല”

ടീമില്‍ സ്ഥാനം ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്. അതിനായി കഠിനപ്രയത്നം നടത്തിയിരുന്നു. ടീമില്‍ നിന്ന് പുറത്തായതോടെ കടുത്ത നിരാശയും വേദനയും ഉണ്ടായെന്നും റായുഡു പറഞ്ഞു.

ലോകകപ്പ് ടീമില്‍ ഇന്ത്യയുടെ സ്‌റ്റാന്‍ഡ് ബൈ താരമായിരുന്നു റായുഡു. വിജയ് ശങ്കര്‍ പരുക്കേറ്റ് പുറത്തായതിന് പിന്നാലെ റായുഡുവിനെ തഴഞ്ഞ് പകരം മായങ്ക് അഗര്‍വാളിനെ ടീമിലേക്ക് സെലക്ട് ചെയ്തു. പിന്നാലെയാണ് താരം വിരമിക്കല്‍
പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് ക്ഷമാപണം നല്‍കി റായുഡു വിരമിക്കല്‍ തീരുമാനത്തില്‍ നിന്നും പിന്മാറിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :