വൈഭവിനൊപ്പം അമ്മയും അച്ഛനും അയർലൻഡിലേക്ക് , മുതിർന്ന താരങ്ങളോട് ഇടപഴകാൻ സമയമെടുക്കുമെന്ന് വിശദീകരണം
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തിരുത്തി ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്.
15 വയസ്സില്‍ അന്താരാഷ്ട്ര അരങ്ങേറ്റത്തിനൊരുങ്ങുന്ന ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശിയ്ക്കായി പ്രത്യേക സൗകര്യങ്ങളൊരുക്കി ബിസിസിഐ. ഇംഗ്ലണ്ട്- അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യാന്‍ വൈഭവിന്റെ അച്ഛനമ്മമാരെ വിടാനുള്ള സമ്മതമാണ് ബിസിസിഐ അറിയിച്ചത്. വൈഭവിനെ അനുഗമിക്കണമെന്ന് കുടുംബത്തോടെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ അഭ്യര്‍ഥിക്കുകയായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തിരുത്തി ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്.
1989ല്‍ തന്റെ പതിനാറാം വയസ്സില്‍ പാകിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. വൈഭവ് ചെറിയ കുട്ടിയാണ്, മുതിര്‍ന്ന താരങ്ങളോടും മറ്റ് മുതിര്‍ന്നവരോടും സ്വാഭാവികമായി ഇടപെടാന്‍ സമയമെടുക്കും. അതിനായി വൈഭവിന് സൗകര്യങ്ങള്‍ ഉറപ്പാക്കാനാണ് മാതാപിതാക്കളെ ഒപ്പം അയക്കുന്നതെന്ന് സൈക്കിയ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 776 റണ്‍സ് അടിച്ചുകൂട്ടിയ വൈഭവ് ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തിയിരുന്നു. ഓറഞ്ച് ക്യാപ്, മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ തുടങ്ങി 5 പ്രധാനനേട്ടങ്ങളും വൈഭവ് സ്വന്തമാക്കിയിരുന്നു.
ടൂര്‍ണമെന്റില്‍ ഉടനീളം, പ്രത്യേകിച്ച് നോക്കൗട്ട് ഘട്ടത്തിലും വൈഭവ് അസാമാന്യമായ പ്രകടനം നടത്തിയതോടെയാണ് സെലക്ടര്‍മാര്‍ക്ക് താരത്തെ ഒഴിവാക്കാനാവാത്ത അവസ്ഥ വന്ന് ചേര്‍ന്നത്. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്ക് മുന്‍പായി ഇന്ത്യന്‍ എയ്ക്ക് വേണ്ടിയാകും വൈഭവ് കളിക്കുക. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് ടീമുകളിലും വൈഭവ് ഇടം നേടിയിട്ടുണ്ട്.