അഭിറാം മനോഹർ|
Last Modified ബുധന്‍, 24 ഡിസംബര്‍ 2025 (13:31 IST)
Vaibhav Suryavanshi: വിജയ് ഹസാരേ ട്രോഫിയില്‍ വെടിക്കെട്ട് പ്രകടനവുമായി ഞെട്ടിച്ച് കൗമാരതാരം വൈഭവ് സൂര്യവന്‍ശി. അരുണാചല്‍ പ്രദേശിനെതിരായ പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തില്‍ കത്തിക്കയറിയ താരം 84 പന്തില്‍ 16 ഫോറും 15 സിക്‌സുമടക്കം 190 റണ്‍സാണ് അടിച്ചുകൂട്ടിയത്. 36 പന്തിലാണ് താരം തന്റെ സെഞ്ചുറി തികച്ചത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബിഹാറിനായി വൈഭവ് പതിവ് പോലെ തകര്‍ത്താടിയപ്പോള്‍ ബിഹാര്‍ ബാറ്റിങ്ങിന്റെ പന്ത്രണ്ടാം ഓവറില്‍ താരത്തിന്റെ സെഞ്ചുറിയെത്തി. 36 പന്തില്‍ നിന്നാണ് വൈഭവ് സെഞ്ചുറി പ്രകടനം നടത്തിയത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായ വൈഭവ് മാറി. 35 പന്തില്‍ സെഞ്ചുറി നേടിയിട്ടുള്ള പഞ്ചാബ് താരം അന്‍മോള്‍ പ്രീത് സിങ്ങാണ് പട്ടികയില്‍ തലപ്പത്തുള്ളത്. അതേസമയം ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറി.
മത്സരത്തില്‍ 33 റണ്‍സെടുത്ത് ഓപ്പണിംഗ് പങ്കാളിയായ മംഗള്‍ പുറത്തായെങ്കിലും വണ്‍ ഡൗണായി ഇറങ്ങിയ പിയുഷ് സിങ്ങിനെ ഒരു വശത്ത് നിര്‍ത്തി വൈഭവ് അടി തുടര്‍ന്നു. ഫോറുകളും സിക്‌സറുകളും മൈതാനത്തെങ്ങും നിറഞ്ഞൊഴുകി. എന്നാല്‍ ഇരട്ടസെഞ്ചുറിക്ക് 10 റണ്‍സ് അകലെ താരം പുറത്തായി.