രേണുക വേണു|
Last Modified ഞായര്‍, 21 ഡിസംബര്‍ 2025 (20:27 IST)
Vaibhav Suryavanshi: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാക്കിസ്ഥാന്‍ ബൗളറോടു തട്ടിക്കയറി ഇന്ത്യയുടെ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ശി. തന്റെ വിക്കറ്റ് നേട്ടം ആഘോഷിച്ച പാക് ബൗളര്‍ക്കു നേരെ തിരിഞ്ഞാണ് ഇന്ത്യന്‍ താരത്തിന്റെ രോഷപ്രകടനം.
പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 348 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ വൈഭവ് സൂര്യവന്‍ശി മികച്ച തുടക്കമാണ് നല്‍കിയത്. 10 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത വൈഭവിനെ പാക് പേസര്‍ അലി റാസ പുറത്താക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ഹംസ സഹൂറിനു ക്യാച്ച് നല്‍കിയാണ് വൈഭവ് മടങ്ങിയത്.
വൈഭവിനെ പുറത്താക്കിയതിനു പിന്നാലെ അലി റാസ വലിയ ആഘോഷപ്രകടനം നടത്തി. പാക് താരത്തിന്റെ അതിരുകടന്ന ആഘോഷപ്രകടനത്തില്‍ വൈഭവ് പ്രകോപിതനാകുകയായിരുന്നു. അലി റാസയ്ക്കു നേരെ തിരിഞ്ഞ് 'നിന്നെ എനിക്ക് ഇത്ര വിലയേ ഉള്ളൂ' എന്ന മട്ടില്‍ തന്റെ കാലിലെ ഷൂസ് കാണിക്കുകയാണ് വൈഭവ് ചെയ്തത്. ഈ സമയത്ത് അലിയോടു വൈഭവ് എന്തോ ദേഷ്യപ്പെട്ടു പറയുന്നുമുണ്ടായിരുന്നു.
348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 26.2 ഓവറില്‍ 156 റണ്‍സടിച്ചു പുറത്തായി. 191 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്.