'ചക്കർ' വിളി അധിക്ഷേപം, പാക് സ്പിന്നർക്ക് പിന്തുണയുമായി ഉസ്മാൻ ഖവാജ, ഗ്രീനിനെതിരെ വിമർശനം

Cameroon green, chucking,Usman tariq, pak vs Aus,കാമറൂൺ ഗ്രീൻ, ചക്കിംഗ്, ഉസ്മാൻ താരിഖ്, പാകിസ്ഥാൻ- ഓസ്ട്രേലിയ
രേണുക വേണു| Last Modified ചൊവ്വ, 3 ഫെബ്രുവരി 2026 (15:41 IST)
പാകിസ്താന്‍ സ്പിന്നര്‍ ഉസ്മാന്‍ താരിക്കിന്റെ ബൗളിംഗ് ആക്ഷനെ പരിഹസിച്ച ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന്റെ നടപടിക്കെതിരെ
വിമര്‍ശനവുമായി ഓസീസ് മുന്‍ താരം ഉസ്മാന്‍ ഖവാജ. ക്രിക്കറ്റില്‍ ഒരാളെ 'ചക്കര്‍' എന്ന് വിളിക്കുന്നത് അങ്ങേയറ്റം വേദനിപ്പിക്കുന്ന കാര്യമാണെന്നും തെളിവുകളില്ലാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തണമെന്നും ഖവാജ തുറന്നടിച്ചു.

ഓസ്‌ട്രേലിയയുടെ പാകിസ്താന്‍ പര്യടനത്തിലെ രണ്ടാം ടി20 മത്സരത്തിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ഉസ്മാന്‍ താരിക്കിന്റെ പന്തില്‍ പുറത്തായ ഗ്രീന്‍, താരം പന്ത് എറിയുകയല്ല 'എറിയുക'ആണെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ മൈതാനത്ത് വെച്ച് ആംഗ്യം കാണിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്.

തന്റെ മുന്‍ സഹതാരം കൂടിയായ ഗ്രീനിന്റെ നടപടിയെ തള്ളിക്കൊണ്ടാണ് ഖവാജ രംഗത്തെത്തിയത്. 'ക്രിക്കറ്റില്‍ ഒരാളെ ചക്കര്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ മോശമായി മറ്റൊന്നുമില്ല. ആ സ്റ്റിഗ്മ (കളങ്കം) വളരെ വലുതാണ്. ആ താരം തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ബൗളിംഗ് ആക്ഷന്‍ ഇതിനോടകം രണ്ട് തവണ പരിശോധിക്കുകയും അധികൃതര്‍ ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തതാണ്. വസ്തുതകള്‍ മനസ്സിലാക്കാതെ ധൃതിപിടിച്ച് നിഗമനങ്ങളില്‍ എത്തുന്നത് ഒഴിവാക്കണം,' ഖവാജ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.


തന്റെ ബൗളിംഗ് ആക്ഷനില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ക്ക് ഉസ്മാന്‍ താരിക് തന്നെ മുന്‍പ് മറുപടി നല്‍കിയിരുന്നു. കൈമുട്ടിന്റെ ഘടനയിലെ ചില ജൈവികമായ പ്രത്യേകതകള്‍ കാരണമാണ് തന്റെ കൈ പൂര്‍ണ്ണമായി നിവര്‍ത്താന്‍ കഴിയാത്തതെന്ന് താരിഖ് പറയുന്നു.പാകിസ്താന്‍ സൂപ്പര്‍ ലീഗിനിടെ രണ്ട് തവണ പരാതി ഉയര്‍ന്നപ്പോഴും ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം താരത്തിന്റെ ആക്ഷന്‍ നിയമവിധേയമാണെന്ന് ഐ.സി.സി ലാബുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും താരം പറയുന്നു.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :