അഭിറാം മനോഹർ|
Last Modified വെള്ളി, 12 ഡിസംബര്‍ 2025 (13:33 IST)
അണ്ടര്‍ 19 ഏഷ്യാകപ്പില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യയുടെ ബോസ് ബേബി വൈഭവ് സൂര്യവന്‍ഷി. ടൂര്‍ണമെന്റില്‍ യുഎഇക്കെതിരായ ഉദ്ഘാടനമത്സരത്തില്‍ 56 പന്തില്‍ നിന്നാണ് താരത്തിന്റെ സെഞ്ചുറി നേട്ടം. 14 സിക്‌സറുകളും 9 ബൗണ്ടറികളും സഹിതം 171 റണ്‍സ് നേടിയാണ് മത്സരത്തില്‍ വൈഭവ് മടങ്ങിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ നായകനായ ആയുഷ് മാത്രെയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വൈഭവ് സൂര്യവന്‍ഷിയും ആരോണ്‍ ജോര്‍ജും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. പതിയെ തുടങ്ങി പിന്നീട് കത്തികയറുന്ന സമീപനമാണ് വൈഭവ് സ്വീകരിച്ചത്. ഇതോടെ ടീം സ്‌കോര്‍ കുതിച്ചുയര്‍ന്നു. 11 ഓവര്‍ അവസാനിക്കുമ്പോള്‍ 24 പന്തില്‍ 35 റണ്‍സെന്ന നിലയിലായിരുന്നു വൈഭവ്. 30 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി തികച്ച വൈഭവ് പിന്നീട് ട്രാക്ക് മാറി.56 പന്തില്‍ സെഞ്ചുറി തികയ്ക്കുകയായിരുന്നു.
69 റണ്‍സുമായി മികച്ച പിന്തുണ നല്‍കിയ ആരൊണ്‍ ജോര്‍ജ് പുറത്തായെങ്കിലും പിന്നീട് ക്രീസിലെത്തിയ വിഹാന്‍ മല്‍ഹോത്രയെ ഒരു വശത്ത് നിര്‍ത്തി വൈഭവ് വെടിക്കെട്ട് തുടര്‍ന്നു. ടീം സ്‌കോര്‍ 265ല്‍ നില്‍ക്കെ വൈഭവ് പുറത്താകുമ്പോള്‍ 95 പന്തില്‍ നിന്ന് 9 ഫോറും 14 സിക്‌സറും സഹിതം 171 റണ്‍സാണ് താരം നേടിയത്.