ടി20 ലോകകപ്പ് വിജയം, ആഷസ് വിജയം എന്നിട്ടും ലാംഗർ പുറത്തേക്ക്!

അഭിറാം മനോഹർ| Last Modified വ്യാഴം, 13 ജനുവരി 2022 (21:06 IST)
നിലവിലെ ഓസീസ് പരിശീലകൻ ജസ്റ്റിൻ ലാംഗറിനെതിരെ ടീമിനുള്ളിൽ അതൃപ്‌തി പുകയുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യൻ പരമ്പര തോറ്റതിന് പിന്നാലെ കോച്ചിന്റെ ഹെഡ് മാഷ് ശൈലിക്കെതിരെ ടീമിനുള്ളിലെ അതൃപ്‌തി വാർത്തയായിരുന്നെങ്കിലും
അനുനയചര്‍ച്ചകളിലൂടെ ക്രിക്കറ്റ് ലാംഗറിന്‍റെ സ്ഥാനം സംരക്ഷിക്കുകയായിരുന്നു. എന്നാൽ ജൂണിൽ കരാര്‍ അവസാനിക്കുന്നതോടെ ലാംഗറിനെ കൈവിടാൻ ബോർഡ് നിർബന്ധിതമായേക്കുമെന്നാണ് സൂചന.

ആഷസിൽ ഇംഗ്ലണ്ടിനെതിരെ സമ്പൂർണ്ണ വിജയവും, ടി20 ലോകകപ്പിൽ ആദ്യമായി ടീം ചാമ്പ്യന്മാരായതും ലാംഗറിന്റെ പരിശീലനത്തിന് കീഴിലായിരുന്നു. എങ്കിലും മുതിർന്ന താരങ്ങൾക്കടക്കം ലാംഗറിന്റെ പരിശീലനരീതിയോട് താത്‌പര്യമില്ലെന്നാണ് അറിയുന്നത്.ലാംഗര്‍ തുടരുമോയെന്ന ചോദ്യത്തിൽ നിന്ന് നായകന്‍ പാറ്റ് കമ്മിന്‍സ് പോയവാരം ഒഴിഞ്ഞുമാറിയതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

കമ്മിന്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇംഗ്ലണ്ട് മുന്‍ പരിശീലകന്‍ ട്രെവര്‍ ബെയ്‍‍ലിസിനോടാണ് താത്പര്യമെന്ന് അറിയുന്നു. 2015ലെ ആഷസ് പരമ്പരയും 2019ലെ ഏകദിന ലോകകപ്പും ഇംഗ്ലണ്ടിന് നേടിക്കൊടുത്ത ബെയ്‍ലിസ് ഐപിഎൽ അടക്കം നിരവധി ഫ്രാഞ്ചൈസി ലീഗുകളിൽ പരിശീലകനാണ്. ഓസീസ് ഫ്രാഞ്ചൈസി ലീഗായ ബിഗ് ബാഷിൽ സിഡ്നി തണ്ടേഴ്സ് പരിശീലകനായതിനാല്‍ ഓസ്ട്രേലിയന്‍ സാഹചര്യങ്ങളുമായും പരിചിതനാണെന്നതും ബെയ്‌ലിസിന്റെ സാധ്യതയുയർത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :